Wednesday, December 9, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”(ഭാഗം 2)

കവിതയിലേയ്ക്കുള്ള സഞ്ചാരത്തിനു കവി ഒരു തടസ്സമായി നിന്നു കൂടാ. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ ഇവിടെ പലപ്പോഴും അതാണ് സംഭവിക്കുന്നത്. കവിതയെ കവിഞ്ഞു നിൽക്കുന്ന ഒരു കവിപ്പട്ടം ഉറപ്പിക്കുന്നതിനും അതിനായി അനുചര വൃന്ദം ഉണ്ടാക്കുന്നതിനും കൊണ്ട്പിടിച്ച ശ്രമമാണ് മേഖലയിൽ നടക്കുന്നത്. അത്തരത്തിലുള്ള ഗ്രൂപ്പുകൾ നല്ലകവിതയെ കുറിച്ചു നൽകുന്ന സർട്ടിഫിക്കറ്റിൽ വേണം ഇവിടെ കവനം നടക്കേണ്ടത് എന്ന ധാർഷ്ട്യം നല്ലതല്ല. ഒരു ഏകപാഠത്തിന്റെ മാനിഫെസ്റ്റേഷനായി കവിതയെ കാണാനും അനുഭവിക്കാനും പ്രയാസമുണ്ട്.

സാഹിത്യത്തിൽ മുമ്പ് പണ്ഡിതഭാഷയ്ക്ക് വലിയ മൈലേജായിരുന്നു. ഭാഷയിലും പൂർവ്വസാഹിത്യത്തിലും സഞ്ചരിച്ച് നേടുന്ന വില്പ്യുപ്പത്തിയിൽ നിന്നാണ് പലകൃതികളും ഊണ്ടായിട്ടുള്ളത്. അതിൽ പലതിലും ജീവിതത്തിന്റെയോ മനനത്തിന്റെയോ തീഷ്ണമായ അനുഭവതലം കുറവായിരുന്നു. പിൽകാലത്ത് പാണ്ഡിത്യത്തിനു മാറ്റ് കുറയുകയും സർഗ്ഗാത്മകതയുടെ തലം കൂടുതൽ പ്രധാനമാവുകയും ചെയ്തു. ഇന്ന് വിമർശന സാഹിത്യത്തിൽ പോലും സർഗ്ഗാത്മകതയുടെ അംശം എത്രകണ്ട് ഉണ്ട് എന്ന് നോക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ജീവിതത്തിൽ മഹാസാഗരങ്ങൾ താണ്ടി വന്നവരെ അവരുടെ ഭാഷാ നിപുണതയോ പുരാണങ്ങളിലെ അവഗാഹമോ നോക്കാതെ അംഗീകരിച്ചു. അവർ പറഞ്ഞു തുടങ്ങുമ്പോൾ സായാഹ്ന സവാരിയിൽ മാത്രം ജീവിതം കണ്ടിട്ടുള്ളവർ സാഹിത്യ മണ്ഡലത്തിൽ നിന്നു ഉൾവലിഞ്ഞു. നളിനീ ജമീലയെ പ്പോലെയോ മണിയൻ പിള്ളയെ പ്പോലെയോ ഉള്ളവർ പറയുമ്പോൾ അത്തരം അതിരുകളിൽ നിന്നുള്ള റിപ്പോർട്ടിംഗ് എന്ന നിലക്കാണ് വായനക്കാർ സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇത്തരം അംഗീകാരത്തിന്റെ ചുവടുപിടിച്ച് അക്ഷരം പോലുമറിയണ്ട കവിതയെഴുതാൻ എന്നൊരു ലഘൂകീകരണം ഇന്ന് വന്നിട്ടുണ്ട്. പഴയ കവിതകളും സാഹിത്യവും വായിക്കേണ്ടതില്ല, ചുറ്റിലുമുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ തപനനില അറിയേണ്ടതില്ല. ഞാൻ എഴുതാനായി ജനിച്ചവനാണ് നീ വായിക്കേണ്ടവനും എന്നൊരു തോന്നൽ പുതിയ എഴുത്തുകാരിൽ കുറച്ചു പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. ഇത് അപകടകരമായ അവസ്തയാണ്. ബ്ലോഗ്ഗിൽ തന്നെ ഞാൻ കണ്ട നിരവധി കവിതകൾ രൂപത്തിൽ ഒടിഞ്ഞ വരികളായി നിൽക്കുന്നുണ്ടെങ്കിലും ഏത് അളവ് കോലുവച്ച് നോക്കിയാലും അത് കവിതയിലേയ്ക്ക് പ്രവേശിക്കാത്തതായി കാണാം. ഇവരും നല്ല കവിതയുടെ വക്താക്കളും പ്രയോക്താക്കളുമെന്ന നിലയിൽ യുദ്ധമുഖത്ത് നിൽക്കുന്നതിനാൽ പതിരുകളെ വേർതിരിക്കുകയെന്നത് വളരെ ശ്രമകരമായിരിക്കുന്നു.

എഴുത്തിന്റെ മേഖലയിൽ നിൽക്കുന്ന ആരും ആദരവോടെ കാണേണ്ട ഒരു വിഭാഗമാണ് വായനക്കരൻ. നിങ്ങളുടെ ഏത് അക്ഷരവും ചിറകുവയ്ക്കുന്നത് അവരിലാണ്. എന്നാൽ അവരെ നോക്കുകുത്തിയാക്കി കൊണ്ട് ആകെ രണ്ടക്ഷം പടച്ചുവെന്ന കാരണത്താൽ നടക്കുന്ന എഴുന്നെള്ളിപ്പുകളും എടുപ്പുകെട്ടുകളും മനം മടുപ്പിക്കുന്നു. അടുത്തിടെ കണ്ട സിനു കക്കട്ടിലിന്റെ ചില വരികൾ

കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...

ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും

ഇത്തരം ആയിരക്കണക്കിനു മനുഷ്യരുടെ ഉള്ളിലാണ് കവിത അതിന്റെ സവിശേഷ ധർമ്മത്തിൽ പ്രവർത്തിക്കുന്നത്. അല്ലാതെ കവി സംഘങ്ങൾ ചാറ്റ് വലയിൽ ഉണ്ടാക്കിയെടുത്ത പുറംചൊറിയൽ കലയിലല്ല.അതുകൊണ്ട് തന്നെ കവിതയുടെ പേരിൽ നടക്കുന്ന കവിതാബാഹ്യമായ അലക്കി വെളുപ്പിക്കലുകൾ നിന്ദ്യവും അറപ്പുളവാക്കുന്നതുമാണ്.

മനോജിനെ വായിക്കുക

ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.
വരിയോരോന്നുമെടുത്ത്‌
ശീട്ടുപോലെ കശക്കാം.
ഗൂഗ്ള്‍വലയില്‍ക്കുടുങ്ങിയ
ചില ഗൂഗ്ളികള്‍കൂടിച്ചേര്‍ക്കാം.
ഹൂഗ്ളിയെന്നോ മറ്റോ
തലക്കെട്ടും ചാര്‍ത്താം.

കലര്‍ത്തുന്നതിനാണല്ലൊ നാം
കല എന്നു പറയുന്നത്‌.

നിലനിൽക്കുന്ന കവിതയുടെ രൂപത്തിനും ഭാവത്തിനും മേൽ കൊടുങ്കാറ്റഴിച്ചുവിടേണ്ട ബാധ്യത പുതിയ എഴുത്തുകാരനുണ്ട്.. എന്നാൽ അത് കവിതയുടെ അർത്ഥവത്തായ പ്രയോഗത്താലാവണം. അല്ലാതെ കണുന്നിടത്ത് വച്ച് വെടിവെക്കാൻ പ്രായത്തിൽ തീവ്രവാദസംഘത്തെ വളർത്തിയിട്ടല്ല.

രൂപത്തിലോ ഭാഷാപ്രയോഗത്തിലോ വന്ന മാറ്റത്താൽ കവിതയിൽ ദർശിക്കാനാവുന്ന ചില മുഖലക്ഷണങ്ങൾ കണ്ടിട്ട് കവിതയെ കേവല ദ്വന്ദങ്ങളിലേയ്ക്ക് ചുരുക്കുകയും അതിന്റെ രാഷ്ട്രീയവും ദർശനവും ഭൂരിപക്ഷം കവികളും പേറാതിരിക്കുകയും ചെയ്യുന്നതിന്റെ ദൂഷ്യം മലയാള കവിത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. വർത്തമാനകാല ജീവിതത്തിന്റെ സൂക്ഷ്മതലങ്ങൾ മനസ്സിലാക്കുന്നതിനു അവയുടെ ആലേഖനത്തിനു വേണ്ട ചലനാത്മകതയും സൂക്ഷ്മതയും തങ്ങളുടെ ഭാഷയിൽ സമാഹരിക്കും നമ്മുടെ കവികൾ എന്നു പ്രത്യാശിക്കാം.

വായനക്കാരോട്

അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു മുന്നിൽ ഒരാൾ മരിച്ചുകിടക്കുന്നു .അയാൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ അതോ രക്ഷവേണ്ടായെന്നു കരുതി വാതിൽ പൂട്ടി പുറത്തേയ്ക്ക് പോകാൻ ശ്രമിച്ചപ്പോഴോ ആണ് അയാൾ അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നിൽ വീണുമരിച്ചത്. ഏതായാലും നിങ്ങൾ വാതിൽ തുറക്കുന്നതിന്റെ രീതികളറിയാൻ ഇനി അയാളോട് ചോദിച്ചു ബുദ്ധിമുട്ടണ്ട. അയാളില്ല മരിച്ചു പോയിരിക്കുന്നു. വാതിൽ തുറന്നുകയറാനുള്ള ബാധ്യത നിങ്ങളേറ്റെടുക്കണം . കവിതയിലേയ്ക്ക് കടക്കേണ്ടതും ഇതു പോലെയാണ്. എഴുത്തുകാരൻ കവിതയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോഴോ കവിതയിൽ നിന്നു പുറത്ത്കടക്കാൻ ശ്രമിക്കുമ്പോഴോ മരിച്ചുപോയി. ഇനി അവന്റെ മടിയിൽ തപ്പി സമയം കളയാതെ കവിതയിലേയ്ക്ക് നടക്കുക.

(ഇതിൽ കവിത എന്ന് വിവക്ഷിച്ച എല്ലാ സ്ഥലങ്ങളിലും സർഗ്ഗാത്മക എഴുത്തിനെ പൊതുവേയാണ് ലക്ഷ്യം വച്ചിട്ടുള്ളത്)

Tuesday, December 8, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”

അടുത്തിടെ ബ്ലോഗിൽ കണ്ട വലിയ ചർച്ചകളിലൊന്ന് കവിത എങ്ങനെ വേണം എന്നതിനെ കുറിച്ചായിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിൽ കുഴൂർ വിത്സനും അൻ‌വർ അലിയും തമ്മിൽ നടന്ന അർത്ഥവത്തായ ചർച്ചയും ബ്ലോഗിലേയ്ക്ക് വരികയുണ്ടായി. കവിതയുടെ വളർച്ചയ്ക്കും വായനയ്ക്കും ഉതുകുന്ന താക്കോലുകൾ പ്രധാനം ചെയ്യേണ്ടവയാണ് ഇത്തരം ചർച്ചകൾ. പക്ഷേ കവികൾ തമ്മിലും കവിതയുടെ കവ്യമേന്മയിലും അറപ്പു തോന്നുന്ന ചില പ്രവണതകൾ പ്രകടമാവുന്നതിലാണ് ഇതുപോലൊരു കുറിപ്പ് എഴുതാൻ കാരണം.

ഭാഷയുടെ വളരെ സവിശേഷമായ ഒരു വെളിപ്പെടലാണ് കവിത , കാഴ്ചയുടെയും. ആ നിലക്ക് സാധാരണകാഴ്ചകളുടെയും രുചികളുടെയും പൊതു നിരത്തിൽ നിന്ന് പലപ്പോഴും കവിത അകന്നു നടന്നിട്ടുണ്ട്. ഇത് പണ്ഡിതർക്ക് മാത്രം പ്രാപ്യമാവുകയെന്ന ഫ്യൂഡൽ കാല ചിന്തയോട് ചേർത്ത് കാണേണ്ട ഒന്നല്ല. മറിച്ച് വൈയക്തികമായ അനുഭവങ്ങളുടെ അത് സമൂഹത്തെകുറിച്ച് പൊതുവേയുള്ളതായാലും വ്യക്തിപരമായാലും കവി തന്റെ നിരീക്ഷണങ്ങൾ നിരത്തുന്നത് തന്റെ ഭാഷാ വ്യവസ്ഥയുടെ സ്വകാര്യ തീരത്തു നിന്നുകൊണ്ടാണ്.

അതു കൊണ്ട് പലപ്പോഴും ഒരു കവിയുടെ ഇമാജുകളും കല്പനകളും ശരിക്കും അനുഗമിക്കാൻ ആദ്യവായനയിൽ പ്രയാസമുണ്ടായെന്നു വരും . കവിത വായനക്കാരന്റെ പാഠം സൃഷ്ടിക്കുമ്പോൾ തന്നെ അതിനായി വേണ്ട ജീവനുള്ള സ്റ്റിമുലസ്സുകൾ നൽകാൻ ഇത്തരത്തിൽ ഒരു പുതിയ ഇടപെടലിനു കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ഇതു വായനക്കാരനു പരിചിതമായ ഒരു ലോകം തുറന്നു കൊടുത്തുവെന്നും വരാം.അപ്പോൾ ചിലർക്ക് ആദ്യവായനയിൽ തന്നെ സുഗമമായ ഒരു വയന സാധ്യമാവുന്നു. അതിനാൽ കവിതയുടെ സാർവ്വജനീന അർത്ഥങ്ങളും സ്വീകാര്യതയും കാലാതിവർത്തിയായ മൂല്യവും അന്വേഷിച്ച് നാമെന്തിനു വിയർക്കണം.

കവിതയുടെ രൂപത്തെകുറിച്ചുള്ളതാണ് മറ്റോരു തർക്കം. ഇത് കവിതയുടെ മാത്രം പ്രശ്നമല്ല. ഗദ്യസാഹിത്യവും പത്രഭാഷയും രൂപപരമായ പലതരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. വസ്ത്രധാരണരീതിയിലും സംഭാഷണരീതിയിലും ആർക്കിടെക്കിലും എല്ലാം മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം പൊതുവായ ചില ദാർശനിക പിൻബലങ്ങളുണ്ടായിരുന്നു. ഒന്നും വെറുതേയങ്ങ് മാറുന്നതല്ല.ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങൾ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നിൽ ചില ദർശനങ്ങളുടെ പിൻബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല. ഇത്തരത്തിൽ മാറേണ്ടതില്ലയെന്ന് വാദിക്കുന്നവരുണ്ടാകാം. കവിത മറേണ്ടതില്ലായെന്നു വാദിക്കുന്നവർ വീടിന്റെ ഫാഷൻ മാറണമെന്നു വാദിക്കുവരാകാം . വസ്ത്രധാരണരീതി മാറണ്ടായെന്നു വാ‍ദിക്കുന്നവർ കവിതയും സാഹിത്യവും മാറണമെന്നു വാദിക്കുന്നവരാകാം . മാറ്റത്തിനു നേരെ സമൂഹവും വ്യക്തിയും എല്ലാ മേഖലകളിലും ഒരേപോലെ പെരുമാറികൊള്ളണമെന്നില്ല. സാമൂഹ്യമാറ്റത്തിനും രാഷ്ട്രീയമാറ്റത്തിനുമായി അക്ഷീണം പ്രവർത്തിച്ച എത്ര പേർ വീട്ടിൽ തനി യാഥാസ്തികരായി ജീവിച്ചത് നമുക്കറിയാം. വ്യക്തികളിലോ സമൂഹത്തിലോ ഇതിൽ സമഗ്രത ദർശിക്കുക പ്രയാസമാണ്.

കവിതയിൽ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങൾക്ക് വഴിവച്ച ദർശനങ്ങൾ ഉൾകൊണ്ടിട്ടാണ് നമ്മുടെ കവികൾ പലരും ഈ രൂപം കൈകൊണ്ടതും അനുവർത്തിക്കുന്നതും എന്ന് ഞാൻ കരുതുന്നില്ല. ചെറുതിന്റെ സൌന്ദര്യശാസ്ത്രം എന്ന സൌന്ദര്യശാസ്ത്ര പരികല്പനയുടെ തുടർച്ചയിലാണ് മാരുതിപോലുള്ള കാറുകൾ നമ്മുടെ നിരത്തുകളിൽ സാർവ്വത്രികമായത്. വർദ്ധിച്ചു വരുന്ന ട്രാഫിക്ക് തിരക്കിൽ ചെറിയകാറുകളുടെ സൌകര്യം മധ്യവർഗ്ഗ അണുകുടുംബങ്ങളിൾക്ക് യോജിച്ച രൂപവും വിലയും ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഷെയിപ്പുചെയ്തതിൽ small is beautiful എന്ന സെൻ ദർശനം ഉണ്ടായിരുന്നു.

ഇതുപോലൊന്ന് കവിതയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ചിലർ പുതുമയുള്ള രൂപവും ഭാവവും കവിതയിൽ വരുത്തുന്നു അതിൽ നേടുന്ന അനുശീലനത്തിൽ പിന്നീട് അതേതുടർന്ന് എഴുതുന്ന ഭൂരിപക്ഷമുണ്ടാവുന്നു. ഇതാണ് മലയാള കവിതയിലും സംഭവിച്ചത്. എന്നാൽ ഇവിടെ പഴയത് വിട്ട് വരാൻ മടികാണിക്കുന്ന ചിലരുണ്ട് അവർക്കും ഈ ഭൂമിയിൽ സ്ഥാനമുണ്ട്.ഒരു പക്ഷേ പുതിയ ഫാഷനിലേയ്ക്ക് അവരെത്തിയിട്ടുണ്ടാവില്ല. അവരുടെ രൂപപരവും ആശയപരവുമായ വെളിപ്പെടലുകൾ നിങ്ങൾക്ക് അരുചിയുണ്ടാക്കുന്നുണ്ടാവാം എങ്കിലും അതു ചെയ്ത് ജീവിക്കാൻ അവർക്ക് അവകാശമുണ്ട്, അവരും ഈ ഭൂമിയിലെ അവകാശികളാണ്. സ്കൂൾ മാഷായ എന്റെയൊരു ജേഷ്ഠൻ ഇപ്പോഴും പഴയ ജയൻ മോഡൽ പാന്റ്സ് ധരിച്ചാണ് നടക്കുന്നത്. അയാൾക്ക് അതാണ് ഇഷ്ടം നമ്മൾക്കെന്തു ചെയ്യാൻ കഴിയും . താൻ ഈ കാലത്തിന്റെ ഫാഷനല്ല ധരിക്കുന്നത് അതുകൊണ്ട് കൊന്ന് കളയും എന്നു പറയാമോ? ഇതു തന്നെയാണ് കവിതയിലും സംഭവിക്കുന്നത്. അവരോടെല്ലാം കൂടുതൽ സാഹോദര്യത്തോടെ പെരുമാറാൻ പുതിയകവികൾക്ക് കഴിയണം. ഗ്രാമത്തിൽ നിന്നു ഒരാൾ ഫാഷനബിൾ അല്ലാത്ത ഒരു നിറമോ വസ്ത്രരൂപമോ ധരിച്ച് സിറ്റിയിലേയ്ക്ക് വരുമ്പോൾ നഗരവാസികളായ പരിഷ്കാരികൾ ചിരിക്കുന്നതുപോലെയാണ് ഇന്ന് പുതു കവിതയുടെ പ്രാണേതാക്കൾ അവർക്ക് മുൻ തലമുറയോടും അതിന്റെ ചുവട്ടിൽ നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോടും പെരുമാരുന്നത്. ഇത് മനുഷ്യവിരുദ്ധമായ ഒരു അല്പത്വത്തിൽ നിന്നു വരുന്നതാണ്. (.....തുടരും)

Tuesday, April 7, 2009

നിശ്ചല ദൃശ്യങ്ങൾ


പുസ്തകത്താളുകൾക്കിടയിൽ
ഉണങ്ങിയൊട്ടിപ്പോയ
ഒരു പൂവ് കാഴ്ച്ചയല്ല,
എന്നോകണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്.
നല്ല സമരിയാക്കാരനോടപ്പം
ഓടിപ്പോയ നായർ യുവതിയും
പാർട്ടിവിട്ടുപോയ സനാതനനും
പത്രക്കെട്ടുകൾക്കിടയിൽ
ഒട്ടിയിരിക്കുന്നതങ്ങനെയാണു.
മ്യൂസിയത്തിലെ ആ ആനക്കൊമ്പ്
കരുതിവച്ച ചരിത്രമല്ല.
ആരോ പിഴുതെടുത്ത്
മാറ്റിവച്ച പ്രതിരോധമാണു.
വഴക്കത്തിനു നട്ടെല്ലും
ഇണക്കത്തിനു നാവും
കവികൾ കൂട്ടിതുടങ്ങിയതന്നുമുതലാണ്.
അപദാനങ്ങളുടെ തൊങ്ങലിട്ട
ഈ നിള
മുന്നോട്ടോ പിന്നോട്ടോ ഒഴുക്കു വയ്ക്കുന്ന
ഓർമ്മകളുടെ ഒളിയിളക്കങ്ങളല്ല.
അമ്മ
മരണത്തിനു വാപിളർന്നപ്പോൾ
ആരോ പകർത്തിയ
നിശ്ചല ദൃശ്യമാണു.
കണ്ണാക്കും ബലിയും
മുൻപേജിലേയ്ക് വന്നതങ്ങനെയാണു.
ഹൊ! കാഴ്ച തെന്നി കവിതയിലേയ്ക്ക്
കമഴ്ന്നാലോ?
ഏയ്..
പൊതിഞ്ഞെടുത്ത ഒരു സന്ധ്യ
പോളിത്തീൻ കവറിൽ
ഒട്ടിച്ചെടുത്ത ലേശം കൊടുങ്കാറ്റ്
വാടിവീണ കണ്ണിമാങ്ങയോടപ്പം
കൊഴിഞ്ഞുപോയ സഖാക്കളുടെ
എരിവനച്ചാറുകൾ
ഇതൊന്നും ഈ യാത്രയിൽ
ഞാൻ കരുതിയിരുന്നില്ലല്ലോ
പിന്നെവിടുന്നു കവിത.

Sunday, February 22, 2009

തിരുശേഷിപ്പുകൾ

പാട്ടുകളെ പ്രേമിച്ചു
കൌമാരം പോയി,
തീക്കാറ്റേറ്റു യൌവനവും.
മുപ്പതിൽ
നടുക്കൂടെക്കേറിവന്നവൾ
കരളിൽ കല്ലെടുത്തിട്ടു.
മുറിഞ്ഞ കൺകോണിലൂടെ-
യുള്ളീൽ കുടിവച്ചു.
ഉരുവമ്പോലെ ഉയിരും
നിനക്കെന്നവൻ.
കനം വച്ച കാലം
കൈവച്ചു തലയിൽ
അവളാഴ്ത്തി കുളത്തിൽ
‘പ്രൈസ് ദ ലോഡ്’
നാലഞ്ചു കുമിളകൾ
പുറത്തേക്കു പൊട്ടി.
ശ്വസിച്ച സ്വാതന്ത്ര്യം പുറപ്പെട്ടുപോയി
കാക്കകൾ കരഞ്ഞു
യുറേക്കാ.... യുറേക്കാ....
ഇരിക്കില്ല രണ്ടുമൊരുമിച്ചൊരുനാളും.
അത്തർ തളിച്ച്
വലം കൈയിലെടുത്തവൾ
നാടുകാട്ടി വരവേ
ഏവരും പറഞ്ഞു.
ദൈവത്തിനു സ്തുതി
അഴുകാതിരിപ്പതു മഹത്വം.

Monday, February 16, 2009

വിപ്ലവം വരുംന്നേരം

വിപ്ലവം വരുംന്നേരം

നമ്മളിൽ ചിലരെ

ടി.വിക്കാർ പിടിച്ചുകൊണ്ട് പോകും

ചിക്കൺ കടിച്ചുകൊണ്ടോ

ബിയർമുത്തിക്കൊണ്ടോയിരിക്കയായിരിക്കും

നാം

കൊമേർഷ്യൽ ബ്രേക്കിനു

ഇരുപുറവും

നാം വീരഗാഥകൾ

വരഞ്ഞിടും.

അപ്പോഴും

തെരുവിൽ

ശവങ്ങൾ കൂട്ടിയിട്ട്

തീയിടാൻ തുടങ്ങിയിട്ടുണ്ടാവില്ല.

Wednesday, February 4, 2009

വിളവെടുപ്പ്

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

കുതിയിൽ കുരുക്കിട്ടുപിടിക്കുന്ന

നായാട്ടുകാരനല്ല.

സുരക്ഷിത നിക്ഷേപങ്ങളിൽ

അടയിരിക്കുന്ന

സൂക്ഷിപ്പുകാരനല്ല.

സ്നേഹം

ദുരന്തങ്ങളെ

മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന

കാലിന്റെ കിരുകിരുപ്പാണ്.

കണ്ടങ്ങളിലേയ്ക് ചാലുവയ്ക്കാതെ
നിരന്തരമായി
തേവുന്നവന്റെ
ജീവൻ ഒഴുക്കുവയ്ക്കുന്ന

വേലിയിറക്കമാണ്.

ഭൂമിയോളം പോന്ന കാത്തിരുപ്പുകൾ

അനന്തതകളിൽ അലയ്ക്കുന്ന പ്രർത്ഥനകൾ..

സ്നേഹം

വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

ചാഴിയും മുഞ്ഞയും

കാറ്റും കടലും

കായലും കൊണ്ടുപോയതിന്റെ ശിഷ്ടം

കൊയ്തിനു ആളുകിട്ടാതെ

മഴക്കോള് നോക്കിയിരിക്കുന്ന

കുട്ടനാടൻ കർഷകൻ

നനഞ്ഞ കതിരിൽ

പുതിയ ചിനപൊട്ടുന്നത് നോക്കി

നോവിനെ കൌതുകത്തിലേക്കു

വിവർത്തനം ചെയ്യുന്ന

കുട്ടനാടൻ കർഷകൻ

(ചിത്രത്തിനു ഫ്ലിക്കറിനോട് കടപ്പാട്)

Tuesday, January 20, 2009

അബ്ദുള്ളക്കുട്ടിമാരുണ്ടാകുന്നത്

കേരളം കഴിഞ്ഞ രണ്ടു ആഴ്ച്ചയായി സജീവമായി ചർച്ചചെയ്യുന്ന വിഷയമാണു അബ്ദുള്ളകുട്ടിയും ഗുജറാത്ത് വികസനവും. പാർടിയിൽ നിന്നും സസ്പെന്റ് ചെയ്യുന്നതുവരെയെത്തി കുട്ടിക്കു കാര്യങ്ങൾ. ദുബായ് സന്ദർശനവേളയിൽ വികസനത്തെ കുറിച്ചു ഉറക്കെ ചിന്തിച്ചുകൊണ്ട് അദ്ദേഹം പത്രക്കാരോട് പറഞ്ഞ ചില കാര്യങ്ങളാണു ഇത്തരമൊരു സാഹചര്യത്തിലേക്കു കൊണ്ടെത്തിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു വികസനത്തിന്റെ കാര്യത്തിൽ 100% മാർക്കു നൽകാമെന്നും ഇടതുപക്ഷഗവണ്മെന്റുകൾ കൂടി മോഡിയെ മാതൃകയാക്കണമെന്നും അദ്ദേഹം ദുബായിൽ വാർത്താലേഖകരോട് പറഞ്ഞു. വാർത്തവന്നു മണിക്കുറുകൾക്കകം അനുക്കൂലിച്ചും അതിലേറെ പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വിവിധ മീഡിയാ പുറങ്ങൾ ഇതിൽ പൂണ്ട് വിളയാടി. കൂടുതൽ വിശദീകരണങ്ങൾക്ക് വേണ്ടി അബ്ദുള്ള കുട്ടിയോടുതന്നെ വീണ്ടും വീണ്ടും തിരക്കി. അപ്പോഴാണു നാം ഒരു കാര്യം മനസ്സിലാക്കിയത് അബ്ദുള്ളകുട്ടിക്കു ഒന്നും അറിയില്ല. ഒരു ഇടതുപക്ഷ വികസന പരിപ്രേക്ഷ്യമെന്ത്? നാടിനെയും നാട്ടാരെയും കുറിച്ചു കമ്മ്യൂണിസ്റ്റ്കാരനുണ്ടായിരിക്കേണ്ട കാഴ്ചപ്പാട് എന്തായിരിക്കണം ഇതൊന്നും കുട്ടിക്കു അറിയില്ല. വികസനത്തെ കുറിച്ചു വേറിട്ട ഒരു കാഴ്ച്ചപ്പാട് കമ്മ്യുണിസ്റ്റ്കാരനില്ലങ്കിൽ മോഡിയെ കണ്ടു പഠിക്കേണ്ടതുണ്ടോ ബുഷിനെ കണ്ടു പഠിച്ചാൽ പോരെ? ഇതൊന്നും കുട്ടി ആലോചിചില്ല. പേരു പോലെ അദ്ദേഹം തീരെ കുട്ടിയാണെന്നു തെളിയിച്ചു. ഗുജറാത്ത് സന്ദർശിച്ചവേളയിൽ ഗവണ്മെന്റ് ഹൈലൈറ്റ് ചെയ്യുന്ന ഒന്നു രണ്ട് ഇൻഡ്ട്രിയൽ ഏരിയാ കാണുകയും ഗൈഡിന്റെ വിശദീകരണം കേൾക്കുകയും ചെയ്തപ്പോൾ കുട്ടി ആകെ ഇളകിപ്പോയി. നാടിന്റെ നല്ല ഭാവിയെ കുറിച്ചു ചിന്തിച്ചു ആധികേറിയ കുട്ടി മോഡിയെ കണ്ട് പഠിക്കണമെന്നു പറഞ്ഞു പോയി.

ഇന്ത്യ സ്വതന്ത്രയാകുന്നതിനു വളരെ മുമ്പ് തന്നെ ഇതര ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ചു അഹമ്മദാബാദും മറ്റ് ഗുജറാത്ത് പട്ടണങ്ങളും വ്യവസായവൽകൃതങ്ങളായിരുന്നു. ടെൿസ്റ്റയിൽ മേഖലയിലുംഇലക്ക്ട്രികൽ എഞ്ചിനേറിംഗ് രംഗത്തുമുണ്ടായ വ്യവസായ വികസനം പട്ടണങ്ങളെ വളരെമുമ്പേ അടിസ്ഥാന വികസനമുള്ളതാക്കി. ഗ്രമങ്ങളിലാക്കട്ടെ കൃഷി നല്ലനിലയിൽ പരിപോഷിച്ചിരുന്നു. ഹരിത- ധവള വിപ്ലവങ്ങളുണ്ടായപ്പോൾ അതിന്റെ ഗുണഭലങ്ങൾ ഏറ്റവും അനുഭവിച്ച സംസ്ഥാനമായിരുന്നു ഗുജറാത്ത്. രംഗങ്ങളിലെല്ലാം വലിയ വളർച്ചാനിരക്കു ഗുജറാത്ത് മുമ്പേതന്നെ രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല വ്യാപാരരംഗത്ത് അടിസ്ഥാനപരമായി താല്പര്യമുള്ള ഒരു വിഭാഗം ജനത അവിടെയുണ്ടായിരുന്നു. ലോകത്തിന്റെ വിവിധമേഖലകളിലേക്കു കുടിയേറിയ ഇവർ ഇവിടങ്ങളിൽ എല്ലാം തന്നെ വമ്പിച്ച ബിസ്സിനസ്സുകാരായി. സ്വർണ്ണ വ്യാപാരത്തിൽ, തുണിവ്യാപാരത്തിൽ എന്തിനേറെ പണം പലിശക്കു നൽകുന്നതിൽ പോലും ഇവർ നേടിയ വിജയം അസൂയാവഹമാണ്. ലോകത്തിൽ ജുതൻമാരുടെ ബിസ്സിനസ്സ് തന്ത്രങ്ങളോട് സാമ്യപ്പെടുത്താവുന്നതാണു വിഭാഗത്തിന്റെ കച്ചവടമിടുക്ക്. അങ്ങനെ ജി.ഡിപിയിൽ എന്നും ദേശീയ ശരാശരിക്കു മുകളിൽ നിന്ന ഒരു സംസ്ഥാനമായിരുന്നു ഗുജറാത്ത്. അവിടെ സംഘപരിവാർ നേതാവായ നരേന്ദ്രമോഡി അധികാരത്തിൽ വന്നശേഷം എന്ത് അത്ഭുതമാണു സംഭവിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തീവ്രഹിന്ദു വികാരവും മുസ്ലിം വികാരവും ആളികത്തിക്കുകയായിരുന്നു മോഡി ആദ്യം ചെയതത്. അതിനു ഗവണ്മെന്റു സംവിധാനങ്ങളും പോലീസ്സുമെല്ലാം മിഷണറിയായി മോഡി ഉപയോഗിച്ചു. മുസ്ലിം വംശഹത്യയുടെ അജണ്ടനടപ്പിലാക്കുന്നതിലൂടെ മുസ്ലിങ്ങളെ മാത്രമല്ല തനിക്കു എതിരായി ശബ്ദിക്കുന്ന എല്ലാശബ്ദങ്ങളെയും നിശബ്ദമാക്കുന്ന ഫാസിസ്റ്റ് രീതിയാണു മോഡി അവലംബിച്ചത്. മുസ്ലിംങ്ങൾ ഗുജറത്തി വ്യാപാരരംഗത്തും വ്യവസായ രംഗത്തും കാര്യമായ ചുവടുറപ്പിച്ചിരുന്നു. ഈ സമ്പത്തിനെ കൊള്ളയടിക്കുകയും വ്യാപാരത്തിലും വ്യവസായത്തിലും അവർക്കുള്ള സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു ഗോധ്രാകലാപത്തെ തുടർന്ന് അവിടെ നടന്നത്.അതിൽ മോഡി വിജയിക്കുകതന്നെ ചെയ്തു. ജനതയെ വാൾ മുനതുമ്പിൽ നിർത്തിയിട്ടാണു മോഡി സ്പെഷ്യൽ സോണുകൾക്കും മറ്റ് പദ്ധതികൾക്കും ഭൂമിയേറ്റെടുത്തതും കുടി ഒഴിപ്പിക്കൽ നടത്തിയതും. ഇപ്പോൾ ലോകത്ത് വമ്പിച്ച തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വളർച്ചയുടെ ഭ്രാന്തൻ ഘട്ടത്തിൽ വമ്പിച്ച അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കാൻ മോഡിക്കു കഴിഞ്ഞു. അതിന്റെ തുടർ വികസനങ്ങൾ എങ്ങോട്ടായിരിക്കും എന്നു ഇന്നത്തെ മാന്ദ്യത്തിന്റെ തുടക്കത്തിൽ നിന്നു പറയാനാകില്ല. ഏതായാലും ഇന്നു ആഘോഷിക്കുന്നതു പോലെ അത്ര ശോഭനമായിരിക്കില്ലയെന്നു തീർച്ച.മോഡിക്കു മുമ്പേനടന്നവർകുന്ന പാഠം അതാണ്.

ഇന്ത്യയിൽ സംസ്ഥാനങ്ങളിൽ ആഗോളവൽകരണ വികസനഗാഥ ആദ്യം പാടിക്കേട്ടത് ചന്ദ്രബാബു നായിഡുവിലൂടെയാണ്. ആന്ധ്രാപ്രദേശിലെ കരിമ്പ് കൃഷിക്കാരുടെയും നെൽകൃഷിക്കരുടെയും ആത്മഹത്യാകഥകളും അതിനോടൊപ്പം പുറത്തുവന്നിരുന്നു. കൃഷിയെ നാമാവശേഷമാക്കികൊണ്ട് നടത്തിയ ടി വിപ്ലവും സൈബർ കോട്ടകളും ആണു ഇപ്പോൾ കയ്യാല പുറത്തെ തേങ്ങപോലെ അപ്പുറത്തോ ഇപ്പുറത്തോ എന്ന നിലയിൽ ഇരിക്കുന്നത്. അതിൽ ഏറ്റവും വലിയ നേട്ടമായി ആഘോഷിച്ച കമ്പനിയായിരുന്നു ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു കിടക്കുന്ന സത്യം. തുടർന്നു ഇടതു ഗവണ്മെന്റുകളും വികസനമെന്ന ഉടുത്തൊരുങ്ങലിൽ ഭ്രമിച്ചു പോയി. പശ്ചിമ ബംഗാൾ ഇതിനായി വച്ച കാലിൽ ആദ്യമേ മുള്ളുകൊണ്ടു. പതിന്റാണ്ടുകളായി പാർട്ടിയുടെ കൂടെ നിന്നിരുന്ന കർഷകരും അടിസ്ഥാന വിഭാഗങ്ങളും നഷ്ടമായിതുടങ്ങി. കേരളത്തിലും റിയൽ എസ്റ്റേറ്റ് വികസനത്തിനും സെസ്സ് പോലുള്ള ഗവണ്മെന്റു രഹിത ഇടങ്ങൾക്കും വേണ്ടി വാദിക്കുന്ന ഇടതു വികസന പരിപ്രേക്ഷ്യം മാർക്സിസ്റ്റുകൾ വിളമ്പരം ചെയ്തു. ഭവനരഹിതരുടെയും പീഡിതരുടെയും പ്രശ്നങ്ങൾ പുതിയ വിപ്ലവത്തിന്റെ ടേംസ് ഓഫ് റഫറൻസിൽ തീരെ ഇല്ലാതായി. ആഗോളവൽകരണകാലത്തെ മാർക്സിയൻ കോർപ്പറേറ്റുകളാലും അവരുടെ തോഴന്മാരായ കുബേരകുമാരന്മാരാലും ബ്രോക്കറന്മാരാലൂം ഹരിതഭൂമി ചുവന്നു തുടുത്തു. അതിന്റെ ഇളം തലമുറയിൽ‌പ്പെട്ട ഒരു എം പിയ്ക്ക് പറശ്ശനികടവിലെ അമ്മ്യുസ് മെന്റ് പാർക്കും തിരുവനന്തപുരത്തെ ഇഴഞ്ഞു നീങ്ങുന്ന മേൽ പാലങ്ങളും കണ്ടിട്ട് ഗുജറാത്തിലെത്തിയപ്പോൾ അതിലേറ്റം വേഗത മോഡിക്കാണെന്നു തോന്നിപ്പോയതിൽ അത്ഭുതപ്പെടാനില്ല.

കേരളത്തിൽ നിന്നു ഡൽഹിയിലേക്കും അവിടെനിന്നു ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന കേരളത്തിലെ പാർലമെന്റ് മെമ്പർമാർ ( വിശിഷ്യാ മാർക്സിസ്റ്റ് മെമ്പർമാർ) രവീന്ദ്രനെ പ്പോലുള്ളവരുടെ സഞ്ചാര സാഹിത്യമോ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലോ സായിനാഥിന്റെ ലേഖനങ്ങളോ ഒന്നു വായിക്കുന്നത് നല്ലതാണ്.അത്തരം വായനകൾ ഒരു നാടിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും പ്രവേശിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കിത്തരും.അല്ലാതെ സഞ്ചരിക്കുന്ന കാറിന്റെ സി യുടെ തണുപ്പിൽ നിന്നു നാടിന്റെ ഊഷ്മാവ് അളന്നുകളയരുത്. നക്ഷത്ര ഹോട്ടലിലെ റസപ്ഷ്ണിസ്റ്റിന്റെ ഡ്രസ്സിലെ അത്തറിൽനിന്നു ചവിട്ടിനിൽക്കുന്ന മണ്ണിൽ വീണചോരയുടെയും വിയർപ്പിന്റെയും മണം വായിച്ചെടുത്തുകളയരുത്. കണ്ടത് കൈലാസം എന്ന മട്ടിൽ മിഴിച്ചുപോയ അബ്ദുള്ളകുട്ടിയെ പ്പോലായിരുന്നോ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ മെമ്പർമാരും അവരുടെ ജനപ്രതിനിധികളും.മാർക്സിസം പോയിട്ട് സ്വന്തം പഞ്ചായത്തിന്റെ ചരിത്രം പോലും അറിയാത്ത പാൽ പുഴുക്കളെയാണു പുതിയ തലമുറയിൽ പാർട്ടി വളർത്തികൊണ്ട് വരുന്നത്. തലഉപയോഗിക്കുന്ന ഒരാൾ മതിയെന്നും അത് സെക്രട്ടറിയായാൽ പിന്നെല്ലാം ഫണ്ട് പിരിക്കനും ജാഥനടത്താനുമുള്ള ശരീരങ്ങൾ മതിയെന്നുമുള്ള ഫാസിസ്റ്റ് ബോധം പ്രസ്ഥാനങ്ങളെ വേട്ടയാടാൻ തുടങ്ങിയകാലം മുതൽക്കു ചിന്തയും തിരിച്ചറിവുമുള്ള തലമുറയെ പാർട്ടിക്കു നഷ്ടമായി. ഉടലളവുകളുടെ റെസ്യൂം ബലത്തിൽ നേതൃത്വത്തിലേക്കു വന്ന സുന്ദരവിഡ്ഡികളെ ഉപയോഗിച്ചു മിടുക്കന്മാരായിരുന്നവരെയെല്ലാം വെട്ടിനിരത്തി. അങ്ങനെ പുതുമഴയ്ക് ശേഷമുള്ള തളിർപ്പിൽ എത്ര അബ്ദുള്ളകുട്ടികൾ വന്നു പിന്നെ പുരക്കുമേൽ ചായുന്ന വൃക്ഷമായിത്തീരുകയും ചെയ്തു.


ഇതു പറയുമ്പോൾ മറ്റൊരു കാഴ്ചയും നമ്മൾ കണേണ്ടതുണ്ട്. കുറച്ചൂകാലമായി മാർക്സിസ്റ്റ് പാർട്ടിയുടെ ഔഗ്യോഗിക പക്ഷത്തിനു അബ്ദുള്ളകുട്ടി അനഭിമതനാണ്. അന്നു മുതലേ കുട്ടിയെ പലതരത്തിൽ ഒതുക്കാനുള്ള തത്രങ്ങൾ പാർട്ടി പണിഞ്ഞിരുന്നു. വാർഡ് തലം മുതൽ മുകളിലോട്ടുള്ള സകലയിടങ്ങളിലും കുട്ടിയെ ഒഴിവാക്കുന്നിടത്തേക്ക് കാര്യങ്ങൾ വളർന്നു. അങ്ങനെ തള്ളി തള്ളി മറുപുറത്തു ചാടികുക എന്നത് പണ്ടുമുതലേ പാർട്ടിയുടെ ഒരു തന്ത്രമാണ്. പാർട്ടിയുടെ കുടെ നിൽക്കുന്നവരിൽ ആർക്കും ഒരു കരുണയും അയാളോട് തോന്നാതിരിക്കാൻ ഇത് ആവശ്യമാണ്..ഫലത്തിൽ ഒരു ഊരു വിലക്ക് തന്നെയാണു അബ്ദുള്ളകുട്ടിക്കു അവിടുത്തെ പാർട്ടി നൽകികൊണ്ടിരുന്നത്. ഇത്തരത്തിൽ ഒരു പിന്തള്ളൽ വരുമ്പോൾ പലപ്പോഴും ഇതിനു വിധിപ്പെടുന്നവരെ സ്വീകരിക്കാൻ ശത്രുക്കൾ വരും മീഡിയാവരും .അവർ അവശനെ സ്വീകരിച്ചു അവരുടെ ഭൂമിയിലേക്ക് ഇറക്കി കിടത്തും പിന്നെ സാവധാനം കൊല്ലും. ഇതാണു ഇന്നു വരെ കണ്ടിട്ടുള്ളത്. ഇവിടെയും ഇതൊക്കെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്നു അബ്ദുള്ളകുട്ടിയുടെ ചിന്തകളിലും നിരീക്ഷണങ്ങളിലും സ്വാധീനിക്കുന്ന കാഴ്ചകളിലും ആരാലോ പിടിക്കപ്പെട്ടവന്റെ സ്വരം കേൾക്കാനാകും. കുട്ടി തന്റെ ഉമ്മയുടെ ശവസംസ്കാരത്തെയും മറ്റ് മതവിശ്വാസങ്ങളെയും കുറിച്ചു നടത്തിയ ഇന്റർവ്യൂ ശ്രദ്ധിക്കേണ്ടതാണ്. അയാൾ ഒരു വിശ്വാസിയാകുന്നതിലോ മതാചാരപ്രകാരം ജീവിക്കുന്നതിലോ അല്ല. അത്തരത്തിൽ ജീവിക്കുന്നവർ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ധാരാളം പേർ ഉണ്ടാകും. പക്ഷേ ഒരു തരം കുറ്റബോധത്തിന്റെ നിശ്വാസത്തോടെ കഴിഞ്ഞുപോയ കാലങ്ങളെ നോക്കി കാണുകയും വിമർശിക്കുകയും ചെയ്യുന്നതായി അഭിമുഖത്തിൽ വായിക്കാൻ കഴിയും. ഇത് ഇന്നു അബ്ദുള്ളകുട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാത്രയുടെ ദിശസൂചിപ്പിക്കുന്നു. അതിനോടൊപ്പമാണ് ഇപ്പോഴത്തെ പ്രസ്താവനകളെ കാണേണ്ടത്. ഒരു ചതുരംഗകളത്തിലെ നീക്കങ്ങൾ പോലുള്ള നീക്കങ്ങളിൽ ആർക്കാണു ദുഖമുള്ളത്. മാർക്സിസ്റ്റ് പാർടിക്കു തീർച്ചയായും സന്തോഷമേയുള്ളു കാരണം അബ്ദുള്ളകുട്ടിയെ ഒതുക്കി ഇവിടെയെത്തിക്കാൻ അവർ ഒരുപാടു പാടുപെട്ടു അതിപ്പോൾ പൂവണിയുകയാണ്. കുട്ടി ഇന്നലെവരെ എതിർത്ത മത സംഘടനകൾക്കും വലതുപക്ഷ സംഘടനകൾക്കും സന്തോഷമാണ് കാരണം കുട്ടിയെ ഇവിടെയെത്തിക്കാൻ എത്ര കാത്തിരിപ്പാണ് അവർ നടത്തിയത്. വൈദ്യൻ കൽ‌പ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്നു പറയുന്നതു പോലെ എല്ലാം ശുഭപര്യവസായിയാവുകയല്ലേ? ഇതിനിടയിൽ പാവം കുട്ടികൾ.. രാഷ്ട്രീയവും ജീവിതവും നിൽക്കേണ്ട ഇടവും തിരിച്ചറിയാത്ത - ആത്മാവില്ലാത്ത.. പാവം കുട്ടികൾ.. ....

അതോ പുതിയ കാലത്തിനനുസരിച്ച് മാറി മാറി നിൽക്കാൻ അറിയാവുന്ന കുട്ടികളോ?....