Wednesday, December 9, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”(ഭാഗം 2)

കവിതയിലേയ്ക്കുള്ള സഞ്ചാരത്തിനു കവി ഒരു തടസ്സമായി നിന്നു കൂടാ. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ ഇവിടെ പലപ്പോഴും അതാണ് സംഭവിക്കുന്നത്. കവിതയെ കവിഞ്ഞു നിൽക്കുന്ന ഒരു കവിപ്പട്ടം ഉറപ്പിക്കുന്നതിനും അതിനായി അനുചര വൃന്ദം ഉണ്ടാക്കുന്നതിനും കൊണ്ട്പിടിച്ച ശ്രമമാണ് മേഖലയിൽ നടക്കുന്നത്. അത്തരത്തിലുള്ള ഗ്രൂപ്പുകൾ നല്ലകവിതയെ കുറിച്ചു നൽകുന്ന സർട്ടിഫിക്കറ്റിൽ വേണം ഇവിടെ കവനം നടക്കേണ്ടത് എന്ന ധാർഷ്ട്യം നല്ലതല്ല. ഒരു ഏകപാഠത്തിന്റെ മാനിഫെസ്റ്റേഷനായി കവിതയെ കാണാനും അനുഭവിക്കാനും പ്രയാസമുണ്ട്.

സാഹിത്യത്തിൽ മുമ്പ് പണ്ഡിതഭാഷയ്ക്ക് വലിയ മൈലേജായിരുന്നു. ഭാഷയിലും പൂർവ്വസാഹിത്യത്തിലും സഞ്ചരിച്ച് നേടുന്ന വില്പ്യുപ്പത്തിയിൽ നിന്നാണ് പലകൃതികളും ഊണ്ടായിട്ടുള്ളത്. അതിൽ പലതിലും ജീവിതത്തിന്റെയോ മനനത്തിന്റെയോ തീഷ്ണമായ അനുഭവതലം കുറവായിരുന്നു. പിൽകാലത്ത് പാണ്ഡിത്യത്തിനു മാറ്റ് കുറയുകയും സർഗ്ഗാത്മകതയുടെ തലം കൂടുതൽ പ്രധാനമാവുകയും ചെയ്തു. ഇന്ന് വിമർശന സാഹിത്യത്തിൽ പോലും സർഗ്ഗാത്മകതയുടെ അംശം എത്രകണ്ട് ഉണ്ട് എന്ന് നോക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ജീവിതത്തിൽ മഹാസാഗരങ്ങൾ താണ്ടി വന്നവരെ അവരുടെ ഭാഷാ നിപുണതയോ പുരാണങ്ങളിലെ അവഗാഹമോ നോക്കാതെ അംഗീകരിച്ചു. അവർ പറഞ്ഞു തുടങ്ങുമ്പോൾ സായാഹ്ന സവാരിയിൽ മാത്രം ജീവിതം കണ്ടിട്ടുള്ളവർ സാഹിത്യ മണ്ഡലത്തിൽ നിന്നു ഉൾവലിഞ്ഞു. നളിനീ ജമീലയെ പ്പോലെയോ മണിയൻ പിള്ളയെ പ്പോലെയോ ഉള്ളവർ പറയുമ്പോൾ അത്തരം അതിരുകളിൽ നിന്നുള്ള റിപ്പോർട്ടിംഗ് എന്ന നിലക്കാണ് വായനക്കാർ സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇത്തരം അംഗീകാരത്തിന്റെ ചുവടുപിടിച്ച് അക്ഷരം പോലുമറിയണ്ട കവിതയെഴുതാൻ എന്നൊരു ലഘൂകീകരണം ഇന്ന് വന്നിട്ടുണ്ട്. പഴയ കവിതകളും സാഹിത്യവും വായിക്കേണ്ടതില്ല, ചുറ്റിലുമുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ തപനനില അറിയേണ്ടതില്ല. ഞാൻ എഴുതാനായി ജനിച്ചവനാണ് നീ വായിക്കേണ്ടവനും എന്നൊരു തോന്നൽ പുതിയ എഴുത്തുകാരിൽ കുറച്ചു പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. ഇത് അപകടകരമായ അവസ്തയാണ്. ബ്ലോഗ്ഗിൽ തന്നെ ഞാൻ കണ്ട നിരവധി കവിതകൾ രൂപത്തിൽ ഒടിഞ്ഞ വരികളായി നിൽക്കുന്നുണ്ടെങ്കിലും ഏത് അളവ് കോലുവച്ച് നോക്കിയാലും അത് കവിതയിലേയ്ക്ക് പ്രവേശിക്കാത്തതായി കാണാം. ഇവരും നല്ല കവിതയുടെ വക്താക്കളും പ്രയോക്താക്കളുമെന്ന നിലയിൽ യുദ്ധമുഖത്ത് നിൽക്കുന്നതിനാൽ പതിരുകളെ വേർതിരിക്കുകയെന്നത് വളരെ ശ്രമകരമായിരിക്കുന്നു.

എഴുത്തിന്റെ മേഖലയിൽ നിൽക്കുന്ന ആരും ആദരവോടെ കാണേണ്ട ഒരു വിഭാഗമാണ് വായനക്കരൻ. നിങ്ങളുടെ ഏത് അക്ഷരവും ചിറകുവയ്ക്കുന്നത് അവരിലാണ്. എന്നാൽ അവരെ നോക്കുകുത്തിയാക്കി കൊണ്ട് ആകെ രണ്ടക്ഷം പടച്ചുവെന്ന കാരണത്താൽ നടക്കുന്ന എഴുന്നെള്ളിപ്പുകളും എടുപ്പുകെട്ടുകളും മനം മടുപ്പിക്കുന്നു. അടുത്തിടെ കണ്ട സിനു കക്കട്ടിലിന്റെ ചില വരികൾ

കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...

ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും

ഇത്തരം ആയിരക്കണക്കിനു മനുഷ്യരുടെ ഉള്ളിലാണ് കവിത അതിന്റെ സവിശേഷ ധർമ്മത്തിൽ പ്രവർത്തിക്കുന്നത്. അല്ലാതെ കവി സംഘങ്ങൾ ചാറ്റ് വലയിൽ ഉണ്ടാക്കിയെടുത്ത പുറംചൊറിയൽ കലയിലല്ല.അതുകൊണ്ട് തന്നെ കവിതയുടെ പേരിൽ നടക്കുന്ന കവിതാബാഹ്യമായ അലക്കി വെളുപ്പിക്കലുകൾ നിന്ദ്യവും അറപ്പുളവാക്കുന്നതുമാണ്.

മനോജിനെ വായിക്കുക

ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.
വരിയോരോന്നുമെടുത്ത്‌
ശീട്ടുപോലെ കശക്കാം.
ഗൂഗ്ള്‍വലയില്‍ക്കുടുങ്ങിയ
ചില ഗൂഗ്ളികള്‍കൂടിച്ചേര്‍ക്കാം.
ഹൂഗ്ളിയെന്നോ മറ്റോ
തലക്കെട്ടും ചാര്‍ത്താം.

കലര്‍ത്തുന്നതിനാണല്ലൊ നാം
കല എന്നു പറയുന്നത്‌.

നിലനിൽക്കുന്ന കവിതയുടെ രൂപത്തിനും ഭാവത്തിനും മേൽ കൊടുങ്കാറ്റഴിച്ചുവിടേണ്ട ബാധ്യത പുതിയ എഴുത്തുകാരനുണ്ട്.. എന്നാൽ അത് കവിതയുടെ അർത്ഥവത്തായ പ്രയോഗത്താലാവണം. അല്ലാതെ കണുന്നിടത്ത് വച്ച് വെടിവെക്കാൻ പ്രായത്തിൽ തീവ്രവാദസംഘത്തെ വളർത്തിയിട്ടല്ല.

രൂപത്തിലോ ഭാഷാപ്രയോഗത്തിലോ വന്ന മാറ്റത്താൽ കവിതയിൽ ദർശിക്കാനാവുന്ന ചില മുഖലക്ഷണങ്ങൾ കണ്ടിട്ട് കവിതയെ കേവല ദ്വന്ദങ്ങളിലേയ്ക്ക് ചുരുക്കുകയും അതിന്റെ രാഷ്ട്രീയവും ദർശനവും ഭൂരിപക്ഷം കവികളും പേറാതിരിക്കുകയും ചെയ്യുന്നതിന്റെ ദൂഷ്യം മലയാള കവിത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. വർത്തമാനകാല ജീവിതത്തിന്റെ സൂക്ഷ്മതലങ്ങൾ മനസ്സിലാക്കുന്നതിനു അവയുടെ ആലേഖനത്തിനു വേണ്ട ചലനാത്മകതയും സൂക്ഷ്മതയും തങ്ങളുടെ ഭാഷയിൽ സമാഹരിക്കും നമ്മുടെ കവികൾ എന്നു പ്രത്യാശിക്കാം.

വായനക്കാരോട്

അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു മുന്നിൽ ഒരാൾ മരിച്ചുകിടക്കുന്നു .അയാൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ അതോ രക്ഷവേണ്ടായെന്നു കരുതി വാതിൽ പൂട്ടി പുറത്തേയ്ക്ക് പോകാൻ ശ്രമിച്ചപ്പോഴോ ആണ് അയാൾ അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നിൽ വീണുമരിച്ചത്. ഏതായാലും നിങ്ങൾ വാതിൽ തുറക്കുന്നതിന്റെ രീതികളറിയാൻ ഇനി അയാളോട് ചോദിച്ചു ബുദ്ധിമുട്ടണ്ട. അയാളില്ല മരിച്ചു പോയിരിക്കുന്നു. വാതിൽ തുറന്നുകയറാനുള്ള ബാധ്യത നിങ്ങളേറ്റെടുക്കണം . കവിതയിലേയ്ക്ക് കടക്കേണ്ടതും ഇതു പോലെയാണ്. എഴുത്തുകാരൻ കവിതയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോഴോ കവിതയിൽ നിന്നു പുറത്ത്കടക്കാൻ ശ്രമിക്കുമ്പോഴോ മരിച്ചുപോയി. ഇനി അവന്റെ മടിയിൽ തപ്പി സമയം കളയാതെ കവിതയിലേയ്ക്ക് നടക്കുക.

(ഇതിൽ കവിത എന്ന് വിവക്ഷിച്ച എല്ലാ സ്ഥലങ്ങളിലും സർഗ്ഗാത്മക എഴുത്തിനെ പൊതുവേയാണ് ലക്ഷ്യം വച്ചിട്ടുള്ളത്)

5 comments:

അനില്‍ വേങ്കോട്‌ said...

അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു മുന്നിൽ ഒരാൾ മരിച്ചുകിടക്കുന്നു .അയാൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ അതോ രക്ഷവേണ്ടായെന്നു കരുതി വാതിൽ പൂട്ടി പുറത്തേയ്ക്ക് പോകാൻ ശ്രമിച്ചപ്പോഴോ ആണ് അയാൾ അടഞ്ഞുകിടക്കുന്ന ഈ വാതിലിനു മുന്നിൽ വീണുമരിച്ചത്. ഏതായാലും നിങ്ങൾ വാതിൽ തുറക്കുന്നതിന്റെ രീതികളറിയാൻ ഇനി അയാളോട് ചോദിച്ചു ബുദ്ധിമുട്ടണ്ട. അയാളില്ല മരിച്ചു പോയിരിക്കുന്നു. വാതിൽ തുറന്നുകയറാനുള്ള ബാധ്യത നിങ്ങളേറ്റെടുക്കണം . കവിതയിലേയ്ക്ക് കടക്കേണ്ടതും ഇതു പോലെയാണ്. എഴുത്തുകാരൻ കവിതയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോഴോ കവിതയിൽ നിന്നു പുറത്ത്കടക്കാൻ ശ്രമിക്കുമ്പോഴോ മരിച്ചുപോയി. ഇനി അവന്റെ മടിയിൽ തപ്പി സമയം കളയാതെ കവിതയിലേയ്ക്ക് നടക്കുക.

വല്യമ്മായി said...

കവിതയ്ക്കും വായനക്കാര്‍ക്കുമിടയിലെ ഒരു വഴികാട്ടി മാത്രമാണ് കവി എന്നാണെനിക്ക് തോന്നുന്നത്.തന്നേക്കാള്‍ തന്നിലെ കവിതയെ വളര്‍ത്താനാകണം കവി ശ്രമിക്കെണ്ടതും.

ഖാന്‍പോത്തന്‍കോട്‌ said...

wishes..!!

Vinod Kooveri said...

ബ്ലോഗ്‌ വരുന്നതിനും എത്രയോ മുമ്പാണ് ചുള്ളിക്കാട് 'പലതരം കവികള്‍' എന്ന കവിത എഴുതിയത് .
അദ്ദേഹം മനസ്സില്‍ കൂടി വിചാരിചിട്ടുണ്ടാകില്ലെങ്കിലും ബ്ലോഗ്‌ കവികള്‍ക്കാണ് ആ കവിത കൂടുതല്‍ അന്വര്ഥമാകുക. കവിതയെക്കുറിച്ചോ ഭാഷയെക്കുറിച്ചോ എന്തിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ഒന്നും മനസ്സിലാക്കാതെ ചില ഐ ടി കുട്ടികള്‍ നടത്തുന്ന കസര്‍ത്തും അവരുടെ ചാറ്റ് ഫ്രണ്ട്സിന്റെ കമെന്റ്സുമാണ് ബ്ലോഗ്‌ കവിതകളിലെറെയും. അവയ്ക്കുടയില്‍ നിന്ന് കവിതയുടെ പൊന്കതിരുകള്‍ കണ്ടെത്തുക ഏറെ പ്രയാസം തന്നെ.

നല്ല കുറിപ്പ്. മുന്‍വിധികളില്ലാതെ ഇനിയും കവിതകളെ വിശകലനം ചെയ്യുക. ഭാവുകങ്ങള്‍...

Rare Rose said...

നന്നായി പറഞ്ഞിരിക്കുന്നു..

അടഞ്ഞ വാതിലിനിപ്പുറത്തെ കവിയുടെ ഉപമ വളരെയിഷ്ടപ്പെട്ടു.ആ വാതിലിനപ്പുറം കടന്നു ചെന്ന് അവിടത്തെ കാഴ്ചകള്‍ എങ്ങനെ കാണണമെന്നത് വായനക്കാരന്റെ സ്വാതന്ത്ര്യമാണു.ഒരേ കാഴ്ച തന്നെ പലരിലും നിറയ്ക്കുന്ന അനുഭൂതികള്‍ വ്യത്യസ്തമാവാം.പല തരത്തില്‍ വ്യാഖ്യാനിക്കപ്പെടാം..

ചിലര്‍ പാതി വഴി വെച്ച് അക്ഷമരായി തിരിച്ചു നടക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു പക്ഷേ എഴുത്തുകാരന്‍ അറിഞ്ഞതിനേക്കാള്‍ ആഴം വാക്കുകളില്‍ നിന്നും തൊട്ടറിയുന്നുണ്ടാവാം..