Thursday, December 18, 2008

ദിശാസൂചകങ്ങൾ

സത്യത്തിൽ തിരിച്ചു പോവാൻ നോക്കുമ്പോഴാണു മനസ്സിലായത് ഇടത്തുണ്ടായിരുന്നതെല്ലാം വലത്തും വലത്തുണ്ടായിരുന്നതെല്ലാം ഇടത്തുമായിട്ടുണ്ടെന്ന്. അത്തരത്തിൽ പുതിയ കാലത്തിന്റെ ഭ്രമിപ്പികുന്ന കളിചതുരങ്ങളിൽ വഴിയേതെന്നറിയാതെ നിൽക്കുന്ന ഇക്കാലത്ത് ലെഫ്റ്റും റൈറ്റുമുള്ള തിരുവുകൾ അർക്ഷിതമായോരിടത്തോ അതുമല്ലങ്കിൽ തുടങ്ങിയതിനും പിറകിലോ കൊണ്ടെത്തികുമെന്നു ഓർമ്മിപ്പിക്കുന്ന ചിലമുളകൾ ഇപ്പോഴും മലയാളകവിതയിൽ ഉണ്ടെന്നു ശ്രീ. സജി കടവനാടിന്റെ ‘നഗരത്തിലെ കാഴ്ച്ചകൾ’ എന്ന കവിത അടയാളപ്പെടുത്തുന്നു. ചിന്തയുടെ സൂക്ഷ്മ മുനകൾ നഷ്ടപ്പെട്ടില്ലാത്ത ഈ ബ്ലോഗറെ സ്നേഹിച്ചുപോകുന്നു.
http://sajipni.blogspot.com/

Monday, November 24, 2008

നിഗൂഡതയിൽ കൃഷിയിറക്കുമ്പോൾ


















പുളിച്ചു തെകിട്ടുന്നതൊക്കെ ദഹിക്കാത്തവയാണെന്നു പറഞ്ഞതാരാണ്? കാലങ്ങളായി ദഹിച്ചു ഓരോ കോശത്തിനുള്ളിലും ഉറങ്ങുന്നവ പല നേരങ്ങളിലായി ഇറങ്ങിവരികയാണു്, ഉറക്കം കെടുത്തികൊണ്ട്. മനുഷ്യകുലത്തിന്റെ ചരിത്രവും ബൌധികസമ്പാദ്യവുമെല്ലാം ഒരു സഞ്ചിത അബോധമായി അവൻ കൂടെകൊണ്ടുനടക്കുന്നുവെന്നു പറഞ്ഞത് പ്രശസ്ത മനഃശാസ്ത്രഞനായ യുങാണ്. ഭുതത്തിൽ നിന്നും ഭാവിയിൽ നിന്നും ഇങ്ങനെ അദ്ദേഹം തെകിട്ടിയെടുത്തവയിൽ രണ്ടാം ലോകയുദ്ധവുമുണ്ടായിരുന്നു. ഹിലാരി ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റാകുമെന്നു പ്രവചിച്ചത് ഒരു പ്രമുഖ പെന്തകോസ്ത് പാസ്റ്ററാണു. ഇത്തരത്തിൽ ഒരു തെകിട്ടലിനു ദൈവം കൂട്ടായിരുന്നെന്നു അദ്ദേഹം ആണയിട്ടു പറഞ്ഞു. ഇപ്പറഞ്ഞത് ദൈവമല്ല അബോധമായ നിന്റെ രാഷ്ടീയമാണെന്നു ഓർമ്മപ്പെടുത്തിയപ്പോൾ കൂടെപ്പിറപ്പ് പോലും പിണങ്ങി.
ജീവിതന്റെ പ്രവചന സാദ്ധ്യതയെപ്പറ്റി മനുഷ്യൻ വളരെ ആകാംക്ഷയോടെയാണു എന്നും നോക്കിയിട്ടുള്ളത്. മനുഷ്യവർഗ്ഗം സഞ്ചരിച്ച വഴികളുടെ വെളിച്ചത്തിൽ മുന്നോട്ടുള്ള ചില കാഴ്ച്ചകൾ അവന്റെ അബോധം തന്നെ നൽകുന്നതാണു പലപ്പോഴും ഇത്തരം ഒരു കാഴ്ചയ്ക്ക് ബലം നൽകുന്നത്. വ്യക്തി പരമായ താത്പര്യങ്ങൾ (ജൈവപരവും, രാഷ്ട്രീയവുമായ താത്പര്യങ്ങൾ) ഇതിനു ഉത്പ്രേരകമായി പ്രവർത്തിക്കും. എന്നാൽ ഇതിനെ ദൈവികമായ പരിവേഷത്തിൽ അവതരിപ്പിക്കുകയും അതിന്റെ നിഗൂഡത നിലനിർത്തുകയും ചെയ്യുന്ന ഒരു വ്യവസായം തന്നെ ഇന്നു വളർന്നു വന്നിട്ടുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ പ്രവചിക്കാൻ കഴിയും എന്ന ഓഫർ വിശ്വസിച്ച് കടുത്ത വൃതങ്ങൾ അനുഷ്ടിക്കുന്ന സാധാരണമനുഷ്യരുടെ എണ്ണം ഇന്നു ധാരാളമാണു. സ്ത്രീകളാണു പലപ്പോഴും ഇവ്വിധം വീണുപോകുന്നവരിലധികവും. സ്ത്രീ ലൈഗിംക ഹോർമോണുകളുടെ ചില കാലങ്ങളിലെ പ്രവർത്തനങ്ങൾ സ്ത്രീകളിൽ ചില അതിന്ദ്രീയ കാഴ്ചകൾ നൽകുന്നതിനു ഉല്പ്രേരകമായിത്തീരും എന്നതും ഇതിനു കാരണമാണ്.

ഒരു പൂ വിരിയുന്നതു പോലെ വളരെ സ്വാഭാവികമായും പുതുമയോടും വിരിഞ്ഞുവരുന്ന നാളെകളാണ് നമ്മുടെ ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നത്. നേരത്തേ നിശ്ചയിച്ചു വച്ച ഒരു പദ്ധതിയനുസരിച്ച് അനുഷ്ടാനമായി അവസാനിപ്പികുന്നതിലപ്പുറം ജീവിതത്തിനു ഒരർത്ഥവും സുഗന്ധവും ഉണ്ടാകുന്നത് ഈ നവത്വത്തിൽ നിന്നണ്. എന്നാൽ ഒരു അവർത്തനമാ‍യി ജീവിതത്തെ പരിമിതപ്പെടുത്തുന്ന ട്രെയിനിങ് ക്യാമ്പുകളായി സുവിശേഷ പ്രസംഗവേദികളും മത സമ്മേളനങ്ങളും തരം താണിരിക്കുന്നു.
നമ്മുടെ ആത്മീയാന്വേഷണങ്ങളെ ഈ പുരോപ്രവർത്തനമായി ഉയർത്താത്തത് ആരാണ്‌? നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ, ഈ ജീവിതം ഇത്ര അനന്യമായി നിങ്ങൾക്കു തന്നത് ദൈവമാണെങ്കിൽ എന്തുകൊണ്ട് നാളെകളെ ഈ പുതുമയിൽ നിങ്ങൾക്കു സ്വികരിക്കനാകാതെയിരിക്കുന്നു. ഇവിടെവച്ചാണു നിലനിൽകുന്ന എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മീയ ഉയർച്ചയ്ക്കു തടസ്സമായി ഭവികുന്നത്. ഒരു വിത്തിൽ നിന്നു വളർന്നു അനുനിമിഷം പുതുതായികൊണ്ടിരിക്കുന്ന ജീവന്റെ തുടിപ്പിനെ ഒരു ക്ലോക്കിലെ പൽച്ചക്രം പോലെ വിരസമാക്കുന്ന ഈ അനുഷ്ഠാന വിദ്യയിൽ മതം മനുഷ്യനെ അവന്റെ ജൈവസ്വരൂപത്തിൽ നിന്നും അന്യനാക്കുന്നു.

Monday, September 22, 2008

‘ അടുത്ത ബെല്ലിനു സമയം ആരംഭിക്കും’



നിങ്ങൾക്കു ഇതു കാണാൻ കഴിയുന്നുണ്ടോ? എങ്കിൽ പേടിക്കേണ്ട കഴിഞ്ഞ ബുധനാഴ്ച ലോകം അവസാനിച്ചിട്ടില്ല. 2008 സെപ്തം‌മ്പർ 10 ബുധനാഴ്ച ലോകം അവസാനിക്കും എന്നു കരുതിയവർക്ക് തെറ്റി. ആ ഭയത്തിൽ ഇന്ത്യയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്യുക പോലും ഉണ്ടായി. മുമ്പ് പലപ്പോഴും ഇത്തരം ഭീതിയിൽ ലോകം വിറങ്ങലിച്ചിരുന്നിട്ടുണ്ട്. നമ്മുടെ പ്രധാന മാധ്യമങ്ങളെല്ലാം ഈ ഭീതി നിർമ്മാണത്തിൽ അമരക്കാരയിട്ടുണ്ട്. 1999 അവസാനിച്ച് 2000 പിറക്കുന്ന വേളയിൽ ലോകം അവസാനിക്കുമെന്നും ബൈബിൾ പ്രവചനങ്ങൾ അത്തരത്തിലാണെന്നും വാദിച്ചവരും വിശ്വസിച്ചവരും ചെറുതല്ല. 2000 പിറന്ന നിമിഷം ലോകാവസാനം പ്രതീക്ഷിച്ചു കണ്ണടച്ചിരുന്നവർ പുതിയ ദിവസം അതിനായി പ്രവചിച്ചുകൊണ്ട് കണ്ണുതുറന്നു. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ നടക്കുന്ന കണികാപരീക്ഷണങ്ങളെ മുന്നിറുത്തി വീണ്ടും അത്തരമൊരു ഭീതി ഉടലെടുത്തിരിക്കുന്നു.

ചരിത്രത്തിലെ മനുഷ്യനിർമ്മിതമായ ഏറ്റവും ചെലവ്കൂടിയ യന്ത്രമാണു ലാർജ് ഹാഡ്രൺ കോളൈഡർ (LHC). സ്വിറ്റ്സർലണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര സംരംഭമാണു ഈ യന്ത്രം നിർമ്മിച്ചത്. ഒരു ഡസനോളം രാജ്യങ്ങളും അതിനെക്കാളേറെ ശാസ്ത്ര പ്രസ്ഥാനങ്ങളും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു ഭൌതിക ശാസ്ത്രകാരന്മാരും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ലാർജ് ഹാഡ്രൺ കൊളൈഡർ (LHC) ഉപയോഗിച്ച് പ്രപഞ്ചോല്പത്തിക്കു നിദാനമെന്നു കരുതുന്ന ബിഗ് ബാങ് -ഉം അതിനെ തുടർന്നു വരുന്ന ഭൌതിക വ്യതിയാനങ്ങളും പുനഃസ്രഷ്ടിക്കുകയാണു ലക്ഷ്യം. ഏകദേശം 8 ബില്യൺ യു. എസ്സ്. ഡോളർ ചെലവിൽ 10,000 ശാസ്ത്രകാരന്മാരുടെ സഹകരണത്തോടെ ഒരു പതിറ്റാണ്ടിനു പുറത്ത് അദ്ധ്വാനിച്ചാണു ഈ മഹാ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. സ്വിറ്റ്സർലണ്ടിന്റെയും ഫ്രാൻസിന്റേയും അതിർത്തിപ്രദേശമായ പർവ്വത താഴ്വാരത്തിൽ 17 മൈൽ നീളത്തിൽ നിർമ്മിച്ച ഭൂഗർഭ തുരങ്കത്തിൽ വച്ചാ‍ണു ഈ പരീക്ഷണം നടക്കുന്നത്. 2008 സെപ്തം‌മ്പർ 10 ബുധനാഴ്ച പ്രാദേശിക സമയം 10.28നു LHC ഉപയോഗിച്ചുള്ള കണികാ സംഘട്ടനത്തിന്റെ ആദ്യ പരീക്ഷണം ആരംഭിച്ചു.


പ്രപഞ്ച രഹസ്യത്തെ തേടിയുള്ള മനുഷ്യന്റെ യാത്രക്ക് മനുഷ്യവംശ ചരിത്രത്തോളം തന്നെ നീളമുണ്ട്. ഭയം, ഭക്തി, മതപരവും,രാഷ്ടീയവുമായ സംഘാടനങ്ങൾ ഇങ്ങനെ പലതിന്റേയും നടുവിൽ പ്രവർത്തിച്ച ഊർജ്ജം മനുഷ്യന്റെ പ്രപഞ്ചരഹസ്യത്തെ ചൊല്ലിയുള്ള അറിവും അറിവുകേടുമായിരുന്നു. അതിനാൽ ഉല്പത്തിയുടെ മൂലകാരണം തേടിയുള്ള ഗവേഷണങ്ങൾക്കു എന്നും നല്ല പ്രാധാന്യം ലഭിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സമയ സൂചികയുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യായുസ്സ് വളരെ നിസ്സാരമായ ഒരു കാലയളവാണു. അതുകൊണ്ട് പ്രപഞ്ചത്തിലേക്കും അതിന്റെ പരിണാമങ്ങളിലേക്കും നോക്കുന്ന മനുഷ്യനു പ്രപഞ്ചം നിശ്ചലമായിരിക്കുന്നതായി തോന്നുന്നത് സ്വാഭാവികം മാത്രം. പ്രപഞ്ചത്തിനു ഒരു നാന്ദിയുണ്ടെന്നും ഇല്ലന്നും ഉള്ള വാദങ്ങളുണ്ട്. പ്രപഞ്ചം സനാതനമാണെന്നും അതിൽ ജീവജാലങ്ങൾ പ്രപഞ്ചശക്തികളാൽ മാറിമറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വാദിക്കുന്നവരിൽ ആത്മീയവാദികളും ഭൌതികവാദികളുമുണ്ട്. ഭൌതികവാദികൾ ഇങ്ങനെ കരുതുന്നതിനു കാരണം തുടക്കമുണ്ടെന്നു സമ്മതിച്ചാൽ തുടക്കകാരനെയും സമ്മതിക്കേണ്ടിവരുമെന്നു അവർ ഭയപ്പെടുന്നു. പ്രപഞ്ചത്തിനു തുടക്കമുണ്ടെന്നും അവിടെവച്ചാണു കാലം ആരംഭിച്ചതെന്നും നിങ്ങൾക്ക് വിശ്വസിക്കാതിരിക്കാം,പക്ഷെ അവിടെ വച്ച് തെർമോഡൈനമിക്സിന്റെ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത നിങ്ങൾക്കുള്ളതാകുന്നു. അനാദിയും അനന്തവുമായ പ്രപഞ്ചസിദ്ധാന്ത പ്രകാരം എല്ലാം ഒരേ താപനിലയിലാകും. എല്ലാ കാഴ്ചരേഖകളും സൂര്യനിൽ( നക്ഷത്രങ്ങളിൽ) അവസാനിക്കും. നക്ഷത്രങ്ങൾക്ക് നാശമില്ലങ്കിൽ രാത്രിയിലെ ആകാശം പകലുപോലെ പ്രകാശതരമാകും.ഇതിനാലും ഭൌതികശാസ്ത്രംനമുക്കുതന്ന മറ്റ് അനേകം തെളിവുകളാലും പ്രപഞ്ചത്തിനു തുടക്കമുണ്ടെന്നും അത് അതിന്റെ കേന്ദ്രത്തിൽ നിന്നു മെല്ലെ അകന്നുകൊണ്ടിരിക്കുകയാണെന്നും ഉള്ള സിദ്ധാന്തത്തെ വിശ്വസിക്കേണ്ടിവരുന്നു.

ഐൻസ്റ്റീൻ E=Mc2 എന്ന ഫോർമുലയിലൂടെ ദ്രവ്യവും ഊർജ്ജവും ഡോളറും യൂറോയും പോലെ പരസ്പരം കൈമാറാവുന്ന കറൻസികളാണെന്നു തെളിയിച്ചു. ഈ കണ്ടുപിടിത്തത്തിന്റെ വെളിച്ചത്തിലാണു തുടർന്നുള്ള കണികാ പരീക്ഷണങ്ങൾ വികസിച്ചത്. ഇവിടെ LHC ഉപയോഗിച്ച് ഏകദേശം പ്രകാശത്തിനു സമാനമായ വേഗതയിൽ (99.99999% of the speed of light) സമ്പ് ആറ്റോമിക കണങ്ങൾ( പ്രോട്ടോൺ) സംഘട്ടനത്തിലാക്കുന്നു. അമിതവേഗത്തിൽ കൂട്ടിയിടിച്ചു തകരുന്ന ഈ സ്പെക്ട്രത്തിനുള്ളിൽ (energy-matter conversion) ബിഗ് ബാങിനു ശേഷമുള്ള നിമിഷാംശങ്ങളെ സ്ര്‌ഷ്ടിക്കാനാകുമെന്നു ശാസ്ത്രകാരന്മാർ പ്രതീക്ഷിക്കുന്നു.ഈ കാലാവസ്ഥയെ നിർദ്ധാരണം ചെയ്തുകൊണ്ട് മാസ്സിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അജ്ഞതയ്ക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞേക്കും. ഈ അവസ്ഥയിൽ വസ്തു കൈവരിക്കുന്ന അനന്തമായ പിണ്ഡം ഫിസിക്സിന്റെ നിയമങ്ങളെ മുഴുവൻ തകിടം മറിക്കുന്നതാണു. അതിനു മുമ്പും പിമ്പും നിലനിൽക്കുന്ന ഒന്നുകൊണ്ടും നിർവ്വചിക്കാനാകാത്ത ഈ അവസ്ഥയിലൂടെയാണു ഊർജ്ജം ദ്രവ്യമായി രൂപാന്തരത്വം കൈവരിക്കുന്നത്. ഈ സന്ദർഭത്തിൽ തമോഗർത്തങ്ങൾ രൂപംകൊള്ളുമെന്നും അവയുടെ ആകർഷണത്തിൽ ഭൂമിതന്നെ ഇല്ലാതാകുമെന്നുമാണു ഒരു വിഭാഗം ആളുകൾ വശ്വസിക്കുന്നു. ആ വിശ്വാസത്തിനു കഴമ്പില്ലന്നും പ്രപഞ്ചത്തിൽ നടക്കുന്ന ആയിരക്കണക്കിനു സംഘട്ടനങ്ങളെ അപേക്ഷിച്ച് ചെറുതായ ഒന്നുമാത്രമാണു ഈ പരീക്ഷണമെന്നും മാത്രമല്ല ആ ഉപകരണത്തിന്റെ നോബുകൾ ഒരു ദിവസം അതിന്റെ പരിധിയിലേക്ക് തിരിച്ചു വയ്ക്കുകയല്ലന്നും നിരവധി പരീക്ഷണങ്ങൾക്കു ശേഷമാണു പൂർന്നതോതിലുള്ള സംഘട്ടനത്തിനു മുതിരുന്നതെന്നും ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുണ്ട്.

ഈ പരീക്ഷണം കൊണ്ട് വെളിപ്പെടുന്ന വിവരങ്ങൾ വളരെ വിപുലവും സങ്കീർണ്ണവുമാണു. ഓരോവർഷവും പ്രിന്റ് ചെയ്തിറങ്ങുന്ന പുസ്തകങ്ങളിലെല്ലാം കൂടിയുള്ള ഡാറ്റായുടെ 1000 മടങ്ങ് വിവരങ്ങൾ ഇത് പുറത്തുവിടും. ലോകത്തെമ്പാടുമുള്ള 80,000 കമ്പ്യുട്ടറുകൾ ഡാറ്റാ അനലൈസിങ്ങിനായി ഉപയോഗിക്കുന്നു. വരുന്ന ക്രിസ്തുമസ്സിനു മുമ്പ് ആദ്യ വിവരങ്ങൾ പുറത്തുവന്നുതുടങ്ങും. 2010ലെങ്കിലും ശാസ്ത്രകാരന്മാർക്കു ദൈവകണികയും(God particle) അതിനെ ചുറ്റിയുള്ളമറ്റ് നിഗൂഡതകളും വെളിച്ചത്ത്കൊണ്ടുവരാൻ സാധിക്കുമെന്നു പ്രതീക്ഷിക്കം.

ഒരു പരീക്ഷണം സ്ര്‌ഷ്ടിക്കുന്ന തമോഗർത്തത്തിൽ ഭൂമിക്ക് എന്തെങ്കിലും പറ്റിയാൽ അത് സ്റ്റോക്ക് മാർക്കറ്റിനെ ബാധിക്കുമെന്നും, സ്വിസ്സിലെ ബാങ്ക് അകൌണ്ടുകളിലെ തങ്ങളുടെ പണശേഖരത്തെ കടലെടുക്കുമെന്നും ഭയന്നു ഒരുകൂട്ടം ആളുകൾ ഈ ദിവസങ്ങളിൽ ഉറക്കമിളക്കും.

ലോകത്തിൽ പട്ടിണികൊണ്ടും പകർച്ചാവ്യാധികൾ കൊണ്ടും മരിക്കുന്നവരും, മരണതുല്ല്യം ജീവിക്കുന്നവരുമായ മനുഷ്യർ കോടിക്കണക്കിനാണു. അത്തരമൊരു സാഹചര്യത്തിൽ ഈ പരീക്ഷണത്തിനു മുടക്കിയ തുക ക്യാൻസർ പോലുള്ള വൻ വിപത്തിനു പൂർണ്ണ ഔഷധം കണ്ടെത്താനോ, അസ്തമിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഇന്ധ്നങ്ങൾക്ക് ഒരു പകരക്കാരനെ കണ്ടെത്താനോ സഹായിച്ചേനെ. ആപ്ലികേഷൻ സൈഡിൽ വളരെയൊന്നും ചെയ്യാനില്ലാത്ത, വെറും അറിവിനു മാത്രമായി നടത്തുന്ന ഇത്രവലിയ പണവ്യയത്തെപ്പോലും അംഗീകരിക്കേണ്ടിവരുന്നത് പ്രപഞ്ചോല്പത്തിയുടെ പിന്നിലെ രഹസ്യങ്ങൾ പരത്തുന്ന ഇരുട്ടിൽ കാലങ്ങളായി അധികാരം ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന മതങ്ങളും മറ്റ് അധികാരസ്ഥാപനങ്ങളും നടത്തുന്ന ചൂഷണം അത്രമേൽ ക്രൂരമായിക്കുന്നതിനാലാണു.തീർച്ചയായും പ്രകാശപൂരിതമായ ഒരു നാളേക്ക് ഈ പരീക്ഷണങ്ങൾ വഴിതെളിക്കുമെന്നു പ്രതിക്ഷിക്കാം.







Tuesday, September 9, 2008

വേങ്കോട്ടെ ചായക്കടകൾ

മനുഷ്യന്റെ ആമാശയം പോലെ ഉള്ളിൽ തീയുള്ള ഒരു പാത്രമണു സമോവർ. ഭക്ഷണം എന്നവണ്ണം ഇടക്ക് ഇടക്ക് കരികട്ടകളിട്ട് അതിൽ ചൂട് നിലനിറുത്തികൊണ്ടിരിക്കും. ഇങ്ങനെയുള്ള സമോവറിലെ വെള്ളം ഒരു തേയില പൈയിലൂടെ ഊറ്റി ഒഴിച്ചു പാലും പഞ്ചസാരയും ചേർത്ത് ആവുന്നത്ര ഉയരത്തിൽ നിന്നു താഴെക്കു വീഴ്തി അതു മറു കൈയിലെ ഗ്ലാസ്സിലേക്കു പിടിക്കുന്ന കല നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലങ്കിൽ വരിക ഇപ്പോഴും വേങ്കോട്ടെ ചായക്കടകളിൽ ഇതു കണാം. തീപ്പുകയേറ്റ് കറുത്ത രണ്ട്, മൂന്ന് ചായക്കടകൾ ഇന്നും കാലത്തിന്റെ സാക്ഷിപോലെ ആ ഗ്രാമം റോഡുവക്കിൽ സൂക്ഷിച്ചിരിക്കുന്നു. അവ തനത് രുചികളുടെ എത്ര എത്ര അനുഭവങ്ങളാണു അവിടുത്തെ പൊടിപ്പുകളിൽ വിതറിയിട്ടുള്ളത്. ആ നാടിന്റെ രാഷ്ടീ‍യ ചരിത്രത്തിൽ എത്ര ആവിപാറുന്ന ഇന്നലകൾ തെരുകിയിരിക്കുന്നു.


ഉപഭോഗ ജീവിതത്തിന്റെ മദിപ്പിക്കുന്ന മണങ്ങൾ നൽകി തിന്നുമരിക്കുന്ന ഒരു ജനതയെ ഊട്ടുകയായിരുന്നില്ല ഈ കടകൾ ചെയ്തിരുന്നത്. മകര മഞ്ഞിൽ മൂടിയ പ്രഭാതങ്ങളിൽ കൃഷിയിലേക്കു ഉണർന്നിരുന്ന കർഷക തൊഴിലാളികൾക്കു സ്നേഹചുമ്പനം പോലെ ഒരു കവിൾ പകരുകയായിരുന്നു. ചുമന്നു തളർന്ന ജനതക്കു മുറുക്കിയുടുക്കാൻ വയറിനു കനം നൽകുകയായിരുന്നു. ഇന്നു നിശ്ചലമെന്ന് നിരീക്ഷിചേക്കാവുന്ന ആ പഴയ കാല ജീവിതത്തിൽ വേങ്കോട്ടുകാർ വീടിനു പുറത്ത് ഈ കടകളിൽ പത്രം വായിച്ചും, നാട്ടുകാര്യം പറഞ്ഞും എറെനേരം ജീവിച്ചു. സാമൂഹികമായ കൊടുക്കൽ വാങ്ങലിന്റെ ഈ ചെറുസ്തലികൾ അസ്തമിച്ചു പോകുമ്പോൾ നമ്മുടെ പങ്കുവയ്ക്കലിന്റെ ഇടങ്ങളെ കൈയേറുന്നതാരാണ്. മനുഷ്യദൈവങ്ങളോ അതോ പൂർണ്ണവിടുതലിന്റെ രക്ഷാപ്രവർത്തകരോ....?

വീട്ടിലെ ലാബിൽ പചന പരീക്ഷണങ്ങൾ അവസാനിക്കുകയും വൈകുന്നേരങ്ങളിലെ പുറം ചുറ്റലിന്റെ ഒടുക്കം വാങ്ങിവരാറുള്ള പൊതികളിൽ അത്താഴം വന്നുകയറുകയും ചെയ്തിട്ടും ഈ കടകൾ അവശേഷിക്കുന്നത് പഴയ പ്രതിരോധ കുത്തിവയ്പ്പിന്റെ തഴൻപു പോലെയാണ്.
ഉള്ളിൽ തീയുള്ള സമോവാറുകളായി തലമുറകളെ സമൂഹത്തിനു നൽകിയ വേങ്കോടിന്റെ സ്വന്തം ചായക്കടകൾക്കു സമാനതകളില്ല. അവയുടെ ധർമ്മങ്ങൾ കെടാതെ സൂക്ഷിക്കുന്ന ഒരു തലമുറകൂടി ഉണ്ടായെങ്കിൽ....

Monday, September 1, 2008

മൂന്നു മഴത്തുള്ളികള്‍


വേനല്‍ക്കാല അവധിക്കു മേഘങ്ങളില്‍ വിരുന്നു പാര്‍ത്ത് തിരിച്ചെത്തിയ ജലക്കിടാങ്ങള്‍ പതുക്കെ പിച്ചവച്ച് ചന്നം പിന്നം വര്‍ത്തമാനം പറഞ്ഞ് ആര്‍ത്തു കരഞ്ഞു വീണ്ടും ക്ലാസ്സുമുറിയിലേക്ക് ......

വെയില്‍ ടീച്ചര്‍ ചെവിക്കുപിടിച്ചു തിരുമിയപ്പോളാണ് തേങ്ങി തേങ്ങി അവര്‍ നിശ്ശബ്ധരായത്.

ഇടിമുഴക്കംപോലെ വീണ്ടും നീണ്ട മണി മുഴങ്ങി.

ആര്‍ത്തലച്ചു വീടുകളിലേക്കോടുന്നു. പുഴകടന്ന്, നടവരമ്പിലൂടെ, ഇലച്ചാര്‍ത്തിലൂടെ ചിന്നിചിതറിയും ഇടറി വീണും ജലക്കിടാങ്ങള്‍ ചിണുങ്ങുന്നു .....

2

സാര്‍വ്വദായകമായി ആരെയും പിണക്കാതെ മലമുകളില്‍ പെയ്തു പുഴയിലൂടെയൊഴുകി അത് കടലിലെത്തി ....

വെയില്‍ ആരോരുമറിയാതെ അവളെ മേഘങ്ങളിലെത്തിച്ചു. ആകാശ മുത്തശ്ശന്‍െറ മുറ്റത്ത് അവള്‍ പിച്ചവച്ചു.

കാര്മേഘങ്ങളാലിരുണ്ട മാനം നോക്കി അന്നേരമാണ് അച്ചാച്ചന്‍ എന്നോട് പറഞ്ഞതു : മഴക്കാറ്ണ്ട്. ... കൊടയെടുത്തോ...മറക്കാണ്‍ട്....

3


മഴയെ പുറത്താക്കി വാതിലടച്ചത് എന്നാണ്?

അച്ചാച്ചനുണ്റ്റാക്കിത്തന്ന കടലാസുവഞ്ചി, നഞ്ഞു കുതിര്‍ന്നു ആഴങ്ങളിലെക്കാണ്ടാന്ട് പോയപ്പോള്‍ കരയാന്‍ തുനിഞ്ഞ എന്നെ വെള്ളിയിലകളില്‍ നൃത്തം ചെയ്ത് മഴ ചിരിപ്പിച്ചു. എന്നിട്ടാരുമറിയാതെ, അകത്തുകിടന്ന അച്ചാച്ചന്റെ ജീവിതം കട്ടെടുത്ത് മഴ ഓടിപോയി .

അന്നുമുതല്‍ എനിക്കറിയാം; മഴ ചതിക്കുമെന്ന്, മഴ വരുന്നത് മരണവും കൊണ്ടാണെന്ന്.

എന്‍റെ പരാതിയിന്മേലാണ് ഇന്നു കാറ്റ് മഴയെ തടുത്തിട്ടത്.

ഒരു ചുവട് പിന്നോട്ടുവച്ച് കാറ്റിനെ ഒന്നു വെട്ടിച്ച് മഴ..... ഓടി . പിറകെ കാറ്റും.........

ഇന്നേരമാണ് മണല്‍പ്പുറത്ത് മനസ്സു തുറന്നുകിടന്ന എന്നെയും മഴ നനയിച്ചത്.

കാറ്റ് തെങ്ങിന്‍റെ കോളറിനു പിടിച്ചു താഴ്ത്തിയത്.

ഞാന്‍ മരം പിടിച്ചു കുലുക്കി മഴയെ എടുത്ത് താഴത്തിട്ടത്........
സിനു കക്കട്ടില്‍

Sunday, August 24, 2008

ചാറ്റിങ് വിശേഷങ്ങള്‍


24 ആഗെസ്റ്റ് 2008 : 10 .23 am


ജി മെയില്‍ ലോഗിന്‍ ചെയ്തു. ഇന്‍ ബോക്സിലെ തുറക്കാത്ത മെയില്കളിലേക്ക് കണ്ണ് വയ്ക്കുന്നതിനിടയില്‍ കൊണ്ടാക്ടില്‍ 'മുന്‍ജന്മം' പച്ച ലൈറ്റ് തെളിഞ്ഞു ഓണ്‍ ലൈനില്‍ നില്ക്കുന്നു. പെട്ടെന്ന് ഞാന്‍ ഒരു ഹി ടൈപ്പ് ചെയ്തു. നിമിഷങ്ങള്‍ക്കകം തിരിച്ചും ഒരു ഹി. മെയിലുകള്‍ ജ്ന്മാന്തരങ്ങകള്‍് ഞൊടിയിടയില്‍ പോയിവരുന്നതുകണ്ട് തെല്ലിട ഞാന്‍ മിഴിച്ചിരുന്നു. തുടര്‍ന്ന് വിശദാമ്ശങ്ങളിലേക്ക്, ലിംഗം, ജാതി, മതങ്ങള്‍, ജ്ന്മസ്ഥലം, പിടിച്ച്ചടക്കിയവയും പിടിവിട്ടുപോയവയും ഇങ്ങനെ പലതും. കൂടുതല്‍ മേഖലകളിലേക്ക് ചാറ്റ് മറിയവെ എന്‍റെ ചോദ്യം

"അങ്ങ് എങ്ങനെയാണു പുതിയകാലത്തെ നോക്കികാണുന്നത്? പഴയകാല കാഴ്ച്ചപാടില്‍്, ഒരു പോസ്റ്റ് മോഡേണ്‍ കാഴ്ചയല്ല എനിക്കാവശ്യാം".

ജണ്മകടംബകള്‍് അഴിഞ്ഞു വീഴുന്ന ഇരമ്പത്തോടെ മറുപടിയുടന്‍ വന്നു. 'നല്ല പ്രകാശ തരം ' എല്ലാം ഒറ്റനോട്ടത്തില്‍ കാണാവുന്ന തരത്തില്‍ വ്യക്തവും സ്പഷ്ടവും'. വേഗത കൂടിയ ഫ്രൈമുകള്‍ എന്‍റെ മുന്‍ കാഴ്ചകളുടെ മേല്‍ കൊളാഷ് തീര്‍ക്കുന്നു. സുഖദുഃഖങ്ങളുടെ പ്രളയം, ചന്തകളുടെ ഉദാരത, വെക്തിത്വങ്ങളിലെ കടുത്ത നിറങ്ങള്‍ ഒന്നും പഴയകാലത്തോട് തട്ടിചുനോക്കാവുന്നതല്ല. അത്രമേല്‍ വിപ്ലവകരം, മനോന്ജ്ഞം.

"സുഖിക്കുന്നുണ്ടല്ലേ ?" എന്‍റെ ചോദ്യം.

"തീര്‍ച്ചയായും . കാഴ്ചക്കാരന് പൂര്‍ണ്ണ സുഖം തരുന്ന ഒരു കാലം ഇതുപോലെ ചരിത്രത്തില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല. എത്ര തിളക്കമാണ് നിന്‍റെ ജീവിതം പോലും ഇവിടെനിന്നു നോക്കിക്കാണുമ്പോള്‍, കാവിമണ്ണു അഴിയാത്ത ഉരുപ്പടിപോലെ ഒരു പ്രദര്‍ശന വസ്തുവിന്‍റെ തിളക്കത്തിലും പുതുമയിലും." ഞാന്‍ എന്‍റെ കൈകളിലേക്ക് നോക്കി . പിച്ചിപൂവിന്റെ മൃദുലതയില്‍ അത് നിസ്സഹായമായി എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. അല്‍പ്പനേരം കീ ബോര്‍ഡില്‍ വിരലോടിയില്ല. അതാ അവിടെനിന്നു വീണ്ടും " നീണ്ട ദൃശ്യങ്ങളില്‍ വളരെ ഇഴഞ്ഞു മുന്നേറുന്ന എന്‍റെ ഒരു പഴയകാല പ്രണയ ചിത്രം വിഡിയോ റെക്കോര്‍ഡ് ചെയ്തത് mp4 ലേക്ക് മാറ്റി ഇവിടെ അറ്റാച്ച് ചെയ്യുന്നു. സമയമുള്ളപ്പൊള്‍് കാണുക. അതിന്‍റെ പനോരമിക് വ്യൂ നിനക്ക് ചിലപ്പോള്‍ കൌതുകം തരും".

"ഇനിയെന്ന് കാണും" ഞാന്‍ തിരക്കി.

മുടങ്ങാതെ മെയില്‍ ചെയ്യുക. ആത്മാവിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി ഗൂഗിള്‍ ഈയിടെ വര്‍ധിപ്പിച്ചു.

എത്ര വേണമെങ്കിലും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാതെ സുക്ഷിച്ചുവെക്കാം. വീണ്ടും കാണാം. ബൈ

സൈന്‍ ഔട്ട് 11.27 am

Monday, August 18, 2008

നഷ്ടം


കടവില്‍

നഷ്ട്ടപ്പെട്ടത്‌...

അഴുക്കെന്നു ശരീരം,

വളമെന്നു പുല്ലുകള്‍,

ഉപ്പെന്നു നദി,

കാലമെന്ന് കല്ലുകള്‍,
നാണമെന്ന് അവള്‍,

ജീവിതമെന്ന്...

ഒരു

ആത്മകഥ.


Thursday, July 31, 2008

ആഗസ്ററിന്‍െറ മണം



വസന്തകാല നിറപ്പകര്‍ച്ച തരുന്ന ആഗസ്ററ് കേരളീയ സ്മൃതികളോടെ പതുക്കെ കടന്നുവരുന്നു. ഒരു പ്രവസിയെന്ന നിലയില്‍ എനിക്കു ഇവിടെ നഷ്ട്ടപെടുന്നവയില്‍ വളരെ ശക്തമായതൊന്നു ഈ വസന്തകാലമാണ് . ഗൃഹാതുരതയുയര്‍ത്തുന്ന ആ സുവര്‍ണ്ണക്കാലത്തിന്റെ ഓര്‍മ്മകള്‍ ഈ ആഗസ്ററും എന്നോട് പങ്കുവയ്ക്കുന്നു . അതോടൊപ്പം മറ്റൊന്ന്കൂടി ആഗസ്ററ് നമ്മെ ഓര്‍മിപ്പിക്കുന്നു . അത് ആണവോര്ജ്ജം മനുഷ്യകുലത്തീന് നല്കിയ കണ്ണീരിനെ കുറിച്ചും ഇനി നല്കും എന്നുപറയുന്ന രക്ഷയില്‍ അടങ്ങിയ ഉത്കണ്ഠയെക്കുറിച്ചുമാണ് .
1945 ആഗസ്ററ് 6നും 9നും ഹിരോഷിമയിലും നാഗസാകിയിലും ആറ്റംബോംബ് വര്‍ഷിച്ചതോടെ അറ്റൊമികോര്‍ജ്ജം സര്‍വ്വനാശത്തിനെറ വിത്താവുകയും അമേരിക്ക അതിന്‍റെ വിധിനടത്തുകാരനാവുകയും ചെയ്തു . അതിനുശേഷം ഇന്നേവരെ ആണവോര്ജ്ജവും അമേരിക്കയും തികഞ്ഞ സംശയത്തിന്‍െറ നിഴലില്‍ മാത്രമെ മനുഷ്യസ്നേഹികള്‍ നോക്കികണ്ടിട്ടുള്ളൂ .
ഈ ആഗസ്ററ് ഇന്ത്യ- അമേരിക്ക ആണവകരാറിനെകുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ്. മനുഷ്യകുലത്തിനു പ്രയോജനമാവുന്ന വിധം ആണവോര്ജ്ജം ഉപയോഗിക്കുവാനുള്ള പഠനങ്ങള്‍ ലോകമെബാടും എന്നപോലെ ഇന്ത്യയിലും ശക്തമാണ്. തോറിയം പോലുള്ള മൂലകങ്ങളെ ആണവ ഇന്ധനങ്ങളക്കാനുള്ള ഗവേഷണങ്ങളില്‍ ഇന്ത്യന്‍ ശാസ്ത്രകാരന്‍മാര്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുമ്പോഴാണ് കാലഹരണപെട്ട സംബുഷ്ഠയുറേനിയം പ്ലാന്ട്ടുകളെ വികസനത്തിന്റെ വെള്ളിവെളിച്ചം പോലെ അധികാരികള്‍ അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതു ഇന്ത്യയിലെ സാധാരണജനങ്ങളുടെയോ നാടിന്‍റെയോ വികസനം ലക്‌ഷ്യം വച്ചുള്ളതല്ല. വന്‍കിട ഇന്ത്യന്‍ വ്യവസായികളുടെയും അമേരിക്കന്‍ സാബ്രാജിത്ത്വത്തിന്‍െറയും താത്പര്യങ്ങള്‍ ഈ കരാറിനുപുറകില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതോടെ ഇതര ഉര്‍ജ്ജസ്വ്രതസ്സുകളെകുറിച്ചു ലോകം ഗൌരവകരമായ ചിന്തയിലാണ്. ഈ അവസരത്തില്‍ കൂടുതല്‍ റിയാക്ട്ര്‍കള്‍ ഇന്ത്യയിലും വിദേശ രാജൃങ്ങളിലും വരാന്‍ സാധ്യത ഏറെയാണ്. ഇവിടെയെല്ലാം infrastracture സൌകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ വമ്പന്‍മാര്‍ക്ക് കഴിയും. പല കമ്പനികളും അത്തരത്തില്‍ നീങ്ങികഴിഞ്ഞു. ആണവറിയാക്ടര്‍ നിര്‍മ്മാണത്തിനു ചെലവഴിക്കുന്ന ഭീമായ തുക ഈ വിധത്തില്‍ തങ്ങളുടെ ചാക്കിലാക്കാനുള്ള തന്ത്രങ്ങളോടെയാണ് ഇവര്‍ നീങ്ങുന്നത്. ഇന്ത്യന്‍ പ്രോഫഷണലുകള്‍ ഇന്നു ലോക വിജ്ഞാന സമ്പത്തില്‍ മേല്‍കൈ നേടുന്നതില്‍ അമേരിക്കന്‍ സാമ്പ്രാജ്യതിനു കടുത്ത ഉത്കണ്ഠയുണ്ട്. അതിനാല്‍ നമ്മുടെ ശാസ്ത്റകാരന്മാരുടെ ഗവേഷണങളില്‍ കടന്നു കയറാന്‍ കിട്ടുന്ന സുവര്ണാവസരമായി ഈ കരാറിനെ അമേരിക്ക ഉപയോഗിക്കാതിരിക്കില്ല. പക്ഷെ രാജ്യവിരുദ്ധമായ കാര്യങള്‍ എത്രതന്നെ ഈ കരാറില്‍ ഉണ്ടെന്കിലും അത് നടപ്പിലാവും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. രാഷ്ട്രീയ രംഗത്തെയും വ്യവസായ രംഗത്തെയും ദാല്ലാള്‍മാര് ഇതിനായി രംഗത്തുണ്ട്. ഇന്ത്യന്‍ ജനാധിപധ്യം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ കാലത്തെ നേരിടുകയന്നെന്നു ഈ ആഗസ്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നു. ഭാവനയുടെ അന്ത്യമെന്ന് അരുന്ധതി പറഞ്ഞതു എത്ര സത്യം.

Tuesday, July 29, 2008

സെമിനാറില്‍ കുട്ടി പറഞ്ഞത്‌

എന്റെ അച്ഛന്‍ മണലാരണ്യത്തില്‍ ചോര നീരാക്കിയാണ്‌ പണമുണ്ടാക്കിയത്‌.
നാട്ടിലെ കുന്നിനെ നിരപ്പാക്കി മാളിക വച്ചു.
ഇപ്പം പാവം പരിസ്ഥിതിയുടെ രക്ഷയ്‌ക്ക്‌ വീടിന്റെ ടെറസ്സില്‍ ചെടികള്‍ നടന്നു.
നമ്മളൊക്കെ അച്ഛനെ മാതിരി ആത്മാര്‍ത്ഥമായി.....
p.k.Sudhi