Monday, November 24, 2008

നിഗൂഡതയിൽ കൃഷിയിറക്കുമ്പോൾ


















പുളിച്ചു തെകിട്ടുന്നതൊക്കെ ദഹിക്കാത്തവയാണെന്നു പറഞ്ഞതാരാണ്? കാലങ്ങളായി ദഹിച്ചു ഓരോ കോശത്തിനുള്ളിലും ഉറങ്ങുന്നവ പല നേരങ്ങളിലായി ഇറങ്ങിവരികയാണു്, ഉറക്കം കെടുത്തികൊണ്ട്. മനുഷ്യകുലത്തിന്റെ ചരിത്രവും ബൌധികസമ്പാദ്യവുമെല്ലാം ഒരു സഞ്ചിത അബോധമായി അവൻ കൂടെകൊണ്ടുനടക്കുന്നുവെന്നു പറഞ്ഞത് പ്രശസ്ത മനഃശാസ്ത്രഞനായ യുങാണ്. ഭുതത്തിൽ നിന്നും ഭാവിയിൽ നിന്നും ഇങ്ങനെ അദ്ദേഹം തെകിട്ടിയെടുത്തവയിൽ രണ്ടാം ലോകയുദ്ധവുമുണ്ടായിരുന്നു. ഹിലാരി ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റാകുമെന്നു പ്രവചിച്ചത് ഒരു പ്രമുഖ പെന്തകോസ്ത് പാസ്റ്ററാണു. ഇത്തരത്തിൽ ഒരു തെകിട്ടലിനു ദൈവം കൂട്ടായിരുന്നെന്നു അദ്ദേഹം ആണയിട്ടു പറഞ്ഞു. ഇപ്പറഞ്ഞത് ദൈവമല്ല അബോധമായ നിന്റെ രാഷ്ടീയമാണെന്നു ഓർമ്മപ്പെടുത്തിയപ്പോൾ കൂടെപ്പിറപ്പ് പോലും പിണങ്ങി.
ജീവിതന്റെ പ്രവചന സാദ്ധ്യതയെപ്പറ്റി മനുഷ്യൻ വളരെ ആകാംക്ഷയോടെയാണു എന്നും നോക്കിയിട്ടുള്ളത്. മനുഷ്യവർഗ്ഗം സഞ്ചരിച്ച വഴികളുടെ വെളിച്ചത്തിൽ മുന്നോട്ടുള്ള ചില കാഴ്ച്ചകൾ അവന്റെ അബോധം തന്നെ നൽകുന്നതാണു പലപ്പോഴും ഇത്തരം ഒരു കാഴ്ചയ്ക്ക് ബലം നൽകുന്നത്. വ്യക്തി പരമായ താത്പര്യങ്ങൾ (ജൈവപരവും, രാഷ്ട്രീയവുമായ താത്പര്യങ്ങൾ) ഇതിനു ഉത്പ്രേരകമായി പ്രവർത്തിക്കും. എന്നാൽ ഇതിനെ ദൈവികമായ പരിവേഷത്തിൽ അവതരിപ്പിക്കുകയും അതിന്റെ നിഗൂഡത നിലനിർത്തുകയും ചെയ്യുന്ന ഒരു വ്യവസായം തന്നെ ഇന്നു വളർന്നു വന്നിട്ടുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ പ്രവചിക്കാൻ കഴിയും എന്ന ഓഫർ വിശ്വസിച്ച് കടുത്ത വൃതങ്ങൾ അനുഷ്ടിക്കുന്ന സാധാരണമനുഷ്യരുടെ എണ്ണം ഇന്നു ധാരാളമാണു. സ്ത്രീകളാണു പലപ്പോഴും ഇവ്വിധം വീണുപോകുന്നവരിലധികവും. സ്ത്രീ ലൈഗിംക ഹോർമോണുകളുടെ ചില കാലങ്ങളിലെ പ്രവർത്തനങ്ങൾ സ്ത്രീകളിൽ ചില അതിന്ദ്രീയ കാഴ്ചകൾ നൽകുന്നതിനു ഉല്പ്രേരകമായിത്തീരും എന്നതും ഇതിനു കാരണമാണ്.

ഒരു പൂ വിരിയുന്നതു പോലെ വളരെ സ്വാഭാവികമായും പുതുമയോടും വിരിഞ്ഞുവരുന്ന നാളെകളാണ് നമ്മുടെ ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നത്. നേരത്തേ നിശ്ചയിച്ചു വച്ച ഒരു പദ്ധതിയനുസരിച്ച് അനുഷ്ടാനമായി അവസാനിപ്പികുന്നതിലപ്പുറം ജീവിതത്തിനു ഒരർത്ഥവും സുഗന്ധവും ഉണ്ടാകുന്നത് ഈ നവത്വത്തിൽ നിന്നണ്. എന്നാൽ ഒരു അവർത്തനമാ‍യി ജീവിതത്തെ പരിമിതപ്പെടുത്തുന്ന ട്രെയിനിങ് ക്യാമ്പുകളായി സുവിശേഷ പ്രസംഗവേദികളും മത സമ്മേളനങ്ങളും തരം താണിരിക്കുന്നു.
നമ്മുടെ ആത്മീയാന്വേഷണങ്ങളെ ഈ പുരോപ്രവർത്തനമായി ഉയർത്താത്തത് ആരാണ്‌? നിങ്ങൾ ദൈവവിശ്വാസിയെങ്കിൽ, ഈ ജീവിതം ഇത്ര അനന്യമായി നിങ്ങൾക്കു തന്നത് ദൈവമാണെങ്കിൽ എന്തുകൊണ്ട് നാളെകളെ ഈ പുതുമയിൽ നിങ്ങൾക്കു സ്വികരിക്കനാകാതെയിരിക്കുന്നു. ഇവിടെവച്ചാണു നിലനിൽകുന്ന എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മീയ ഉയർച്ചയ്ക്കു തടസ്സമായി ഭവികുന്നത്. ഒരു വിത്തിൽ നിന്നു വളർന്നു അനുനിമിഷം പുതുതായികൊണ്ടിരിക്കുന്ന ജീവന്റെ തുടിപ്പിനെ ഒരു ക്ലോക്കിലെ പൽച്ചക്രം പോലെ വിരസമാക്കുന്ന ഈ അനുഷ്ഠാന വിദ്യയിൽ മതം മനുഷ്യനെ അവന്റെ ജൈവസ്വരൂപത്തിൽ നിന്നും അന്യനാക്കുന്നു.

4 comments:

കുഞ്ഞന്‍ said...

ഒന്നു ചോദിക്കട്ടെ..എന്താണിതിനു പിന്നിലുള്ള ചോതോവികാരം?

ദൈവീകമായ പരിവേഷത്തിലവതരിപ്പിക്കുകയും നിഗൂഡത നില നിര്‍ത്തുന്ന വ്യവസായം ഇന്നു തുടങ്ങി...എന്ന് മതം ഉണ്ടായി അന്നുതൊട്ടെ ഈ നിഗൂഡത ഉണ്ടായിരുന്നില്ലെ?

സ്ത്രീകളിലെ ലൈംഗീക ഹോര്‍മോണിന് അതീന്ദ്ര കാഴ്ചകള്‍ ഉണ്ടാക്കാന്‍ പറ്റും - മനസ്സിലായില്ല/കേട്ടിട്ടില്ല..

എനിക്കൊന്നും ദഹിക്കുന്നില്ല അതായിത് പുളിച്ച് കെട്ടുന്നു..!

സജീവ് കടവനാട് said...

പറയാന്‍ തുടങ്ങിയിട്ട് പാതിവഴിയില്‍ ഉപേക്ഷിച്ചപോലെ... അല്ലെങ്കില്‍, പാതിവഴിപോലും ആയിട്ടില്ല.

ഒരു വിയോജിപ്പുണ്ട്, ശക്തമായ വിയോജിപ്പ്.
“എന്നാൽ ഒരു അവർത്തനമാ‍യി ജീവിതത്തെ പരിമിതപ്പെടുത്തുന്ന ട്രെയിനിങ് ക്യാമ്പുകളായി സുവിശേഷ പ്രസംഗവേദികളും മത സമ്മേളനങ്ങളും തരം താണിരിക്കുന്നു.“ ആക്രമണങ്ങളുടേയും പ്രത്യാക്രമണങ്ങളുടേയും പുതിയ പാഠങ്ങള്‍ കൂടി അവര്‍ പഠിപ്പിക്കുന്നതുകൊണ്ട് ആവര്‍ത്തനങ്ങളുടേതുമാത്രമല്ല അനിശ്ചിതത്വത്തിന്റെ ഉദ്വേഗതയും നല്‍കുന്നുണ്ട്, അവര്‍ക്കു രാഷ്ട്രീയത്തിലും കോടതിയിലും നിറഞ്ഞു നില്‍ക്കാനുമാകുന്നുണ്ട്.

വല്യമ്മായി said...

ഭാവി പ്രവചനം എല്ലാ മതങ്ങളും അംഗീകരിക്കുന്നില്ലല്ലോ.

"ഇവിടെവച്ചാണു നിലനിൽകുന്ന എല്ലാ മതങ്ങളും മനുഷ്യന്റെ ആത്മീയ ഉയർച്ചയ്ക്കു തടസ്സമായി ഭവികുന്നത്"

വിശദമാക്കാമോ

അനില്‍ വേങ്കോട്‌ said...

വിശദമായ സംഭാഷണങ്ങൾ വേണ്ട ഒരു വിഷയമാണു കാരണം ആത്മീയതയെ മറ്റോരു തരത്തിൽ കാലങ്ങളായി പറഞ്ഞുറപ്പിച്ചിട്ടുണ്ട് ഇവിടെ.
ഞാൻ ഈ കുറിപ്പിൽ പറയുന്നതു പോലെ അത് അനു നിമിഷം പുതുതായി വിരിയുന്ന കലവുമൊത്തുള്ള വളരെ സർഗ്ഗാത്മകമായ, മിസ്റ്റിക്കായ ഒരു encounter ആണു. അതിനു പകരം അതിനെ ഒരു അനുഷ്ഠാനപ്രക്രീയയാക്കുക വഴി എല്ലാ മുളകളും നുള്ളികളയുന്ന പ്രവർത്തിയാണു മതങ്ങൾ ചെയ്യുന്നത്.
ഒരു തരത്തിൽ അല്ലങ്കിൽ മറ്റോരു വി്ധത്തിൽ പ്രവചനങ്ങളെ എല്ലാമതങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
ഭാവി നിശ്ചയിക്കുകയും അതിനായി ജീവിച്ചിരിക്കുകയും ചെയ്യുകയെന്ന രീതി. അത്തരത്തിൽ വിശുദ്ധഗ്രന്തങ്ങൾ പ്രവചിച്ചതു നിവർത്തിക്കാനാണു ഗാസയിൽ പോലും യുദ്ധം ചെയ്യുന്നത്.. കൂടുതൽ വ്യക്തത്ക്കു കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.