Wednesday, December 9, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”(ഭാഗം 2)

കവിതയിലേയ്ക്കുള്ള സഞ്ചാരത്തിനു കവി ഒരു തടസ്സമായി നിന്നു കൂടാ. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ ഇവിടെ പലപ്പോഴും അതാണ് സംഭവിക്കുന്നത്. കവിതയെ കവിഞ്ഞു നിൽക്കുന്ന ഒരു കവിപ്പട്ടം ഉറപ്പിക്കുന്നതിനും അതിനായി അനുചര വൃന്ദം ഉണ്ടാക്കുന്നതിനും കൊണ്ട്പിടിച്ച ശ്രമമാണ് മേഖലയിൽ നടക്കുന്നത്. അത്തരത്തിലുള്ള ഗ്രൂപ്പുകൾ നല്ലകവിതയെ കുറിച്ചു നൽകുന്ന സർട്ടിഫിക്കറ്റിൽ വേണം ഇവിടെ കവനം നടക്കേണ്ടത് എന്ന ധാർഷ്ട്യം നല്ലതല്ല. ഒരു ഏകപാഠത്തിന്റെ മാനിഫെസ്റ്റേഷനായി കവിതയെ കാണാനും അനുഭവിക്കാനും പ്രയാസമുണ്ട്.

സാഹിത്യത്തിൽ മുമ്പ് പണ്ഡിതഭാഷയ്ക്ക് വലിയ മൈലേജായിരുന്നു. ഭാഷയിലും പൂർവ്വസാഹിത്യത്തിലും സഞ്ചരിച്ച് നേടുന്ന വില്പ്യുപ്പത്തിയിൽ നിന്നാണ് പലകൃതികളും ഊണ്ടായിട്ടുള്ളത്. അതിൽ പലതിലും ജീവിതത്തിന്റെയോ മനനത്തിന്റെയോ തീഷ്ണമായ അനുഭവതലം കുറവായിരുന്നു. പിൽകാലത്ത് പാണ്ഡിത്യത്തിനു മാറ്റ് കുറയുകയും സർഗ്ഗാത്മകതയുടെ തലം കൂടുതൽ പ്രധാനമാവുകയും ചെയ്തു. ഇന്ന് വിമർശന സാഹിത്യത്തിൽ പോലും സർഗ്ഗാത്മകതയുടെ അംശം എത്രകണ്ട് ഉണ്ട് എന്ന് നോക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ജീവിതത്തിൽ മഹാസാഗരങ്ങൾ താണ്ടി വന്നവരെ അവരുടെ ഭാഷാ നിപുണതയോ പുരാണങ്ങളിലെ അവഗാഹമോ നോക്കാതെ അംഗീകരിച്ചു. അവർ പറഞ്ഞു തുടങ്ങുമ്പോൾ സായാഹ്ന സവാരിയിൽ മാത്രം ജീവിതം കണ്ടിട്ടുള്ളവർ സാഹിത്യ മണ്ഡലത്തിൽ നിന്നു ഉൾവലിഞ്ഞു. നളിനീ ജമീലയെ പ്പോലെയോ മണിയൻ പിള്ളയെ പ്പോലെയോ ഉള്ളവർ പറയുമ്പോൾ അത്തരം അതിരുകളിൽ നിന്നുള്ള റിപ്പോർട്ടിംഗ് എന്ന നിലക്കാണ് വായനക്കാർ സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇത്തരം അംഗീകാരത്തിന്റെ ചുവടുപിടിച്ച് അക്ഷരം പോലുമറിയണ്ട കവിതയെഴുതാൻ എന്നൊരു ലഘൂകീകരണം ഇന്ന് വന്നിട്ടുണ്ട്. പഴയ കവിതകളും സാഹിത്യവും വായിക്കേണ്ടതില്ല, ചുറ്റിലുമുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ തപനനില അറിയേണ്ടതില്ല. ഞാൻ എഴുതാനായി ജനിച്ചവനാണ് നീ വായിക്കേണ്ടവനും എന്നൊരു തോന്നൽ പുതിയ എഴുത്തുകാരിൽ കുറച്ചു പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. ഇത് അപകടകരമായ അവസ്തയാണ്. ബ്ലോഗ്ഗിൽ തന്നെ ഞാൻ കണ്ട നിരവധി കവിതകൾ രൂപത്തിൽ ഒടിഞ്ഞ വരികളായി നിൽക്കുന്നുണ്ടെങ്കിലും ഏത് അളവ് കോലുവച്ച് നോക്കിയാലും അത് കവിതയിലേയ്ക്ക് പ്രവേശിക്കാത്തതായി കാണാം. ഇവരും നല്ല കവിതയുടെ വക്താക്കളും പ്രയോക്താക്കളുമെന്ന നിലയിൽ യുദ്ധമുഖത്ത് നിൽക്കുന്നതിനാൽ പതിരുകളെ വേർതിരിക്കുകയെന്നത് വളരെ ശ്രമകരമായിരിക്കുന്നു.

എഴുത്തിന്റെ മേഖലയിൽ നിൽക്കുന്ന ആരും ആദരവോടെ കാണേണ്ട ഒരു വിഭാഗമാണ് വായനക്കരൻ. നിങ്ങളുടെ ഏത് അക്ഷരവും ചിറകുവയ്ക്കുന്നത് അവരിലാണ്. എന്നാൽ അവരെ നോക്കുകുത്തിയാക്കി കൊണ്ട് ആകെ രണ്ടക്ഷം പടച്ചുവെന്ന കാരണത്താൽ നടക്കുന്ന എഴുന്നെള്ളിപ്പുകളും എടുപ്പുകെട്ടുകളും മനം മടുപ്പിക്കുന്നു. അടുത്തിടെ കണ്ട സിനു കക്കട്ടിലിന്റെ ചില വരികൾ

കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...

ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും

ഇത്തരം ആയിരക്കണക്കിനു മനുഷ്യരുടെ ഉള്ളിലാണ് കവിത അതിന്റെ സവിശേഷ ധർമ്മത്തിൽ പ്രവർത്തിക്കുന്നത്. അല്ലാതെ കവി സംഘങ്ങൾ ചാറ്റ് വലയിൽ ഉണ്ടാക്കിയെടുത്ത പുറംചൊറിയൽ കലയിലല്ല.അതുകൊണ്ട് തന്നെ കവിതയുടെ പേരിൽ നടക്കുന്ന കവിതാബാഹ്യമായ അലക്കി വെളുപ്പിക്കലുകൾ നിന്ദ്യവും അറപ്പുളവാക്കുന്നതുമാണ്.

മനോജിനെ വായിക്കുക

ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.
വരിയോരോന്നുമെടുത്ത്‌
ശീട്ടുപോലെ കശക്കാം.
ഗൂഗ്ള്‍വലയില്‍ക്കുടുങ്ങിയ
ചില ഗൂഗ്ളികള്‍കൂടിച്ചേര്‍ക്കാം.
ഹൂഗ്ളിയെന്നോ മറ്റോ
തലക്കെട്ടും ചാര്‍ത്താം.

കലര്‍ത്തുന്നതിനാണല്ലൊ നാം
കല എന്നു പറയുന്നത്‌.

നിലനിൽക്കുന്ന കവിതയുടെ രൂപത്തിനും ഭാവത്തിനും മേൽ കൊടുങ്കാറ്റഴിച്ചുവിടേണ്ട ബാധ്യത പുതിയ എഴുത്തുകാരനുണ്ട്.. എന്നാൽ അത് കവിതയുടെ അർത്ഥവത്തായ പ്രയോഗത്താലാവണം. അല്ലാതെ കണുന്നിടത്ത് വച്ച് വെടിവെക്കാൻ പ്രായത്തിൽ തീവ്രവാദസംഘത്തെ വളർത്തിയിട്ടല്ല.

രൂപത്തിലോ ഭാഷാപ്രയോഗത്തിലോ വന്ന മാറ്റത്താൽ കവിതയിൽ ദർശിക്കാനാവുന്ന ചില മുഖലക്ഷണങ്ങൾ കണ്ടിട്ട് കവിതയെ കേവല ദ്വന്ദങ്ങളിലേയ്ക്ക് ചുരുക്കുകയും അതിന്റെ രാഷ്ട്രീയവും ദർശനവും ഭൂരിപക്ഷം കവികളും പേറാതിരിക്കുകയും ചെയ്യുന്നതിന്റെ ദൂഷ്യം മലയാള കവിത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. വർത്തമാനകാല ജീവിതത്തിന്റെ സൂക്ഷ്മതലങ്ങൾ മനസ്സിലാക്കുന്നതിനു അവയുടെ ആലേഖനത്തിനു വേണ്ട ചലനാത്മകതയും സൂക്ഷ്മതയും തങ്ങളുടെ ഭാഷയിൽ സമാഹരിക്കും നമ്മുടെ കവികൾ എന്നു പ്രത്യാശിക്കാം.

വായനക്കാരോട്

അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു മുന്നിൽ ഒരാൾ മരിച്ചുകിടക്കുന്നു .അയാൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ അതോ രക്ഷവേണ്ടായെന്നു കരുതി വാതിൽ പൂട്ടി പുറത്തേയ്ക്ക് പോകാൻ ശ്രമിച്ചപ്പോഴോ ആണ് അയാൾ അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നിൽ വീണുമരിച്ചത്. ഏതായാലും നിങ്ങൾ വാതിൽ തുറക്കുന്നതിന്റെ രീതികളറിയാൻ ഇനി അയാളോട് ചോദിച്ചു ബുദ്ധിമുട്ടണ്ട. അയാളില്ല മരിച്ചു പോയിരിക്കുന്നു. വാതിൽ തുറന്നുകയറാനുള്ള ബാധ്യത നിങ്ങളേറ്റെടുക്കണം . കവിതയിലേയ്ക്ക് കടക്കേണ്ടതും ഇതു പോലെയാണ്. എഴുത്തുകാരൻ കവിതയിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോഴോ കവിതയിൽ നിന്നു പുറത്ത്കടക്കാൻ ശ്രമിക്കുമ്പോഴോ മരിച്ചുപോയി. ഇനി അവന്റെ മടിയിൽ തപ്പി സമയം കളയാതെ കവിതയിലേയ്ക്ക് നടക്കുക.

(ഇതിൽ കവിത എന്ന് വിവക്ഷിച്ച എല്ലാ സ്ഥലങ്ങളിലും സർഗ്ഗാത്മക എഴുത്തിനെ പൊതുവേയാണ് ലക്ഷ്യം വച്ചിട്ടുള്ളത്)

Tuesday, December 8, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”

അടുത്തിടെ ബ്ലോഗിൽ കണ്ട വലിയ ചർച്ചകളിലൊന്ന് കവിത എങ്ങനെ വേണം എന്നതിനെ കുറിച്ചായിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിൽ കുഴൂർ വിത്സനും അൻ‌വർ അലിയും തമ്മിൽ നടന്ന അർത്ഥവത്തായ ചർച്ചയും ബ്ലോഗിലേയ്ക്ക് വരികയുണ്ടായി. കവിതയുടെ വളർച്ചയ്ക്കും വായനയ്ക്കും ഉതുകുന്ന താക്കോലുകൾ പ്രധാനം ചെയ്യേണ്ടവയാണ് ഇത്തരം ചർച്ചകൾ. പക്ഷേ കവികൾ തമ്മിലും കവിതയുടെ കവ്യമേന്മയിലും അറപ്പു തോന്നുന്ന ചില പ്രവണതകൾ പ്രകടമാവുന്നതിലാണ് ഇതുപോലൊരു കുറിപ്പ് എഴുതാൻ കാരണം.

ഭാഷയുടെ വളരെ സവിശേഷമായ ഒരു വെളിപ്പെടലാണ് കവിത , കാഴ്ചയുടെയും. ആ നിലക്ക് സാധാരണകാഴ്ചകളുടെയും രുചികളുടെയും പൊതു നിരത്തിൽ നിന്ന് പലപ്പോഴും കവിത അകന്നു നടന്നിട്ടുണ്ട്. ഇത് പണ്ഡിതർക്ക് മാത്രം പ്രാപ്യമാവുകയെന്ന ഫ്യൂഡൽ കാല ചിന്തയോട് ചേർത്ത് കാണേണ്ട ഒന്നല്ല. മറിച്ച് വൈയക്തികമായ അനുഭവങ്ങളുടെ അത് സമൂഹത്തെകുറിച്ച് പൊതുവേയുള്ളതായാലും വ്യക്തിപരമായാലും കവി തന്റെ നിരീക്ഷണങ്ങൾ നിരത്തുന്നത് തന്റെ ഭാഷാ വ്യവസ്ഥയുടെ സ്വകാര്യ തീരത്തു നിന്നുകൊണ്ടാണ്.

അതു കൊണ്ട് പലപ്പോഴും ഒരു കവിയുടെ ഇമാജുകളും കല്പനകളും ശരിക്കും അനുഗമിക്കാൻ ആദ്യവായനയിൽ പ്രയാസമുണ്ടായെന്നു വരും . കവിത വായനക്കാരന്റെ പാഠം സൃഷ്ടിക്കുമ്പോൾ തന്നെ അതിനായി വേണ്ട ജീവനുള്ള സ്റ്റിമുലസ്സുകൾ നൽകാൻ ഇത്തരത്തിൽ ഒരു പുതിയ ഇടപെടലിനു കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ഇതു വായനക്കാരനു പരിചിതമായ ഒരു ലോകം തുറന്നു കൊടുത്തുവെന്നും വരാം.അപ്പോൾ ചിലർക്ക് ആദ്യവായനയിൽ തന്നെ സുഗമമായ ഒരു വയന സാധ്യമാവുന്നു. അതിനാൽ കവിതയുടെ സാർവ്വജനീന അർത്ഥങ്ങളും സ്വീകാര്യതയും കാലാതിവർത്തിയായ മൂല്യവും അന്വേഷിച്ച് നാമെന്തിനു വിയർക്കണം.

കവിതയുടെ രൂപത്തെകുറിച്ചുള്ളതാണ് മറ്റോരു തർക്കം. ഇത് കവിതയുടെ മാത്രം പ്രശ്നമല്ല. ഗദ്യസാഹിത്യവും പത്രഭാഷയും രൂപപരമായ പലതരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. വസ്ത്രധാരണരീതിയിലും സംഭാഷണരീതിയിലും ആർക്കിടെക്കിലും എല്ലാം മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം പൊതുവായ ചില ദാർശനിക പിൻബലങ്ങളുണ്ടായിരുന്നു. ഒന്നും വെറുതേയങ്ങ് മാറുന്നതല്ല.ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങൾ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നിൽ ചില ദർശനങ്ങളുടെ പിൻബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല. ഇത്തരത്തിൽ മാറേണ്ടതില്ലയെന്ന് വാദിക്കുന്നവരുണ്ടാകാം. കവിത മറേണ്ടതില്ലായെന്നു വാദിക്കുന്നവർ വീടിന്റെ ഫാഷൻ മാറണമെന്നു വാദിക്കുവരാകാം . വസ്ത്രധാരണരീതി മാറണ്ടായെന്നു വാ‍ദിക്കുന്നവർ കവിതയും സാഹിത്യവും മാറണമെന്നു വാദിക്കുന്നവരാകാം . മാറ്റത്തിനു നേരെ സമൂഹവും വ്യക്തിയും എല്ലാ മേഖലകളിലും ഒരേപോലെ പെരുമാറികൊള്ളണമെന്നില്ല. സാമൂഹ്യമാറ്റത്തിനും രാഷ്ട്രീയമാറ്റത്തിനുമായി അക്ഷീണം പ്രവർത്തിച്ച എത്ര പേർ വീട്ടിൽ തനി യാഥാസ്തികരായി ജീവിച്ചത് നമുക്കറിയാം. വ്യക്തികളിലോ സമൂഹത്തിലോ ഇതിൽ സമഗ്രത ദർശിക്കുക പ്രയാസമാണ്.

കവിതയിൽ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങൾക്ക് വഴിവച്ച ദർശനങ്ങൾ ഉൾകൊണ്ടിട്ടാണ് നമ്മുടെ കവികൾ പലരും ഈ രൂപം കൈകൊണ്ടതും അനുവർത്തിക്കുന്നതും എന്ന് ഞാൻ കരുതുന്നില്ല. ചെറുതിന്റെ സൌന്ദര്യശാസ്ത്രം എന്ന സൌന്ദര്യശാസ്ത്ര പരികല്പനയുടെ തുടർച്ചയിലാണ് മാരുതിപോലുള്ള കാറുകൾ നമ്മുടെ നിരത്തുകളിൽ സാർവ്വത്രികമായത്. വർദ്ധിച്ചു വരുന്ന ട്രാഫിക്ക് തിരക്കിൽ ചെറിയകാറുകളുടെ സൌകര്യം മധ്യവർഗ്ഗ അണുകുടുംബങ്ങളിൾക്ക് യോജിച്ച രൂപവും വിലയും ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഷെയിപ്പുചെയ്തതിൽ small is beautiful എന്ന സെൻ ദർശനം ഉണ്ടായിരുന്നു.

ഇതുപോലൊന്ന് കവിതയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ചിലർ പുതുമയുള്ള രൂപവും ഭാവവും കവിതയിൽ വരുത്തുന്നു അതിൽ നേടുന്ന അനുശീലനത്തിൽ പിന്നീട് അതേതുടർന്ന് എഴുതുന്ന ഭൂരിപക്ഷമുണ്ടാവുന്നു. ഇതാണ് മലയാള കവിതയിലും സംഭവിച്ചത്. എന്നാൽ ഇവിടെ പഴയത് വിട്ട് വരാൻ മടികാണിക്കുന്ന ചിലരുണ്ട് അവർക്കും ഈ ഭൂമിയിൽ സ്ഥാനമുണ്ട്.ഒരു പക്ഷേ പുതിയ ഫാഷനിലേയ്ക്ക് അവരെത്തിയിട്ടുണ്ടാവില്ല. അവരുടെ രൂപപരവും ആശയപരവുമായ വെളിപ്പെടലുകൾ നിങ്ങൾക്ക് അരുചിയുണ്ടാക്കുന്നുണ്ടാവാം എങ്കിലും അതു ചെയ്ത് ജീവിക്കാൻ അവർക്ക് അവകാശമുണ്ട്, അവരും ഈ ഭൂമിയിലെ അവകാശികളാണ്. സ്കൂൾ മാഷായ എന്റെയൊരു ജേഷ്ഠൻ ഇപ്പോഴും പഴയ ജയൻ മോഡൽ പാന്റ്സ് ധരിച്ചാണ് നടക്കുന്നത്. അയാൾക്ക് അതാണ് ഇഷ്ടം നമ്മൾക്കെന്തു ചെയ്യാൻ കഴിയും . താൻ ഈ കാലത്തിന്റെ ഫാഷനല്ല ധരിക്കുന്നത് അതുകൊണ്ട് കൊന്ന് കളയും എന്നു പറയാമോ? ഇതു തന്നെയാണ് കവിതയിലും സംഭവിക്കുന്നത്. അവരോടെല്ലാം കൂടുതൽ സാഹോദര്യത്തോടെ പെരുമാറാൻ പുതിയകവികൾക്ക് കഴിയണം. ഗ്രാമത്തിൽ നിന്നു ഒരാൾ ഫാഷനബിൾ അല്ലാത്ത ഒരു നിറമോ വസ്ത്രരൂപമോ ധരിച്ച് സിറ്റിയിലേയ്ക്ക് വരുമ്പോൾ നഗരവാസികളായ പരിഷ്കാരികൾ ചിരിക്കുന്നതുപോലെയാണ് ഇന്ന് പുതു കവിതയുടെ പ്രാണേതാക്കൾ അവർക്ക് മുൻ തലമുറയോടും അതിന്റെ ചുവട്ടിൽ നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോടും പെരുമാരുന്നത്. ഇത് മനുഷ്യവിരുദ്ധമായ ഒരു അല്പത്വത്തിൽ നിന്നു വരുന്നതാണ്. (.....തുടരും)