Tuesday, September 9, 2008

വേങ്കോട്ടെ ചായക്കടകൾ

മനുഷ്യന്റെ ആമാശയം പോലെ ഉള്ളിൽ തീയുള്ള ഒരു പാത്രമണു സമോവർ. ഭക്ഷണം എന്നവണ്ണം ഇടക്ക് ഇടക്ക് കരികട്ടകളിട്ട് അതിൽ ചൂട് നിലനിറുത്തികൊണ്ടിരിക്കും. ഇങ്ങനെയുള്ള സമോവറിലെ വെള്ളം ഒരു തേയില പൈയിലൂടെ ഊറ്റി ഒഴിച്ചു പാലും പഞ്ചസാരയും ചേർത്ത് ആവുന്നത്ര ഉയരത്തിൽ നിന്നു താഴെക്കു വീഴ്തി അതു മറു കൈയിലെ ഗ്ലാസ്സിലേക്കു പിടിക്കുന്ന കല നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലങ്കിൽ വരിക ഇപ്പോഴും വേങ്കോട്ടെ ചായക്കടകളിൽ ഇതു കണാം. തീപ്പുകയേറ്റ് കറുത്ത രണ്ട്, മൂന്ന് ചായക്കടകൾ ഇന്നും കാലത്തിന്റെ സാക്ഷിപോലെ ആ ഗ്രാമം റോഡുവക്കിൽ സൂക്ഷിച്ചിരിക്കുന്നു. അവ തനത് രുചികളുടെ എത്ര എത്ര അനുഭവങ്ങളാണു അവിടുത്തെ പൊടിപ്പുകളിൽ വിതറിയിട്ടുള്ളത്. ആ നാടിന്റെ രാഷ്ടീ‍യ ചരിത്രത്തിൽ എത്ര ആവിപാറുന്ന ഇന്നലകൾ തെരുകിയിരിക്കുന്നു.


ഉപഭോഗ ജീവിതത്തിന്റെ മദിപ്പിക്കുന്ന മണങ്ങൾ നൽകി തിന്നുമരിക്കുന്ന ഒരു ജനതയെ ഊട്ടുകയായിരുന്നില്ല ഈ കടകൾ ചെയ്തിരുന്നത്. മകര മഞ്ഞിൽ മൂടിയ പ്രഭാതങ്ങളിൽ കൃഷിയിലേക്കു ഉണർന്നിരുന്ന കർഷക തൊഴിലാളികൾക്കു സ്നേഹചുമ്പനം പോലെ ഒരു കവിൾ പകരുകയായിരുന്നു. ചുമന്നു തളർന്ന ജനതക്കു മുറുക്കിയുടുക്കാൻ വയറിനു കനം നൽകുകയായിരുന്നു. ഇന്നു നിശ്ചലമെന്ന് നിരീക്ഷിചേക്കാവുന്ന ആ പഴയ കാല ജീവിതത്തിൽ വേങ്കോട്ടുകാർ വീടിനു പുറത്ത് ഈ കടകളിൽ പത്രം വായിച്ചും, നാട്ടുകാര്യം പറഞ്ഞും എറെനേരം ജീവിച്ചു. സാമൂഹികമായ കൊടുക്കൽ വാങ്ങലിന്റെ ഈ ചെറുസ്തലികൾ അസ്തമിച്ചു പോകുമ്പോൾ നമ്മുടെ പങ്കുവയ്ക്കലിന്റെ ഇടങ്ങളെ കൈയേറുന്നതാരാണ്. മനുഷ്യദൈവങ്ങളോ അതോ പൂർണ്ണവിടുതലിന്റെ രക്ഷാപ്രവർത്തകരോ....?

വീട്ടിലെ ലാബിൽ പചന പരീക്ഷണങ്ങൾ അവസാനിക്കുകയും വൈകുന്നേരങ്ങളിലെ പുറം ചുറ്റലിന്റെ ഒടുക്കം വാങ്ങിവരാറുള്ള പൊതികളിൽ അത്താഴം വന്നുകയറുകയും ചെയ്തിട്ടും ഈ കടകൾ അവശേഷിക്കുന്നത് പഴയ പ്രതിരോധ കുത്തിവയ്പ്പിന്റെ തഴൻപു പോലെയാണ്.
ഉള്ളിൽ തീയുള്ള സമോവാറുകളായി തലമുറകളെ സമൂഹത്തിനു നൽകിയ വേങ്കോടിന്റെ സ്വന്തം ചായക്കടകൾക്കു സമാനതകളില്ല. അവയുടെ ധർമ്മങ്ങൾ കെടാതെ സൂക്ഷിക്കുന്ന ഒരു തലമുറകൂടി ഉണ്ടായെങ്കിൽ....

8 comments:

അനില്‍ വേങ്കോട്‌ said...

ഉള്ളിൽ തീയുള്ള സമോവാറുകളായി തലമുറകളെ സമൂഹത്തിനു നൽകിയ വേങ്കോടിന്റെ സ്വന്തം ചായക്കടകൾക്കു സമാനതകളില്ല. അവയുടെ ധർമ്മങ്ങൾ കെടാതെ സൂക്ഷിക്കുന്ന ഒരു തലമുറകൂടി ഉണ്ടായെങ്കിൽ....

Anonymous said...

very good narration,please keep on writing on blog

കുഞ്ഞന്‍ said...

അനില്‍ മാഷെ..

ഇതു വായിച്ചപ്പോള്‍ ഒരു നഷ്ടബോധം തോന്നുന്നു..എന്നാലും പുരോഗമനങ്ങള്‍ക്ക് വഴി മാ‍റിക്കൊടുക്കേണ്ടെ.? കരിയും പുകയുമില്ലാത്ത അടുക്കള, അദാണ്.

smitha adharsh said...

ഇപ്പോള്‍,സിനിമകളില്‍ മാത്രമെ ഇത്തരം ചായക്കടകള്‍ കാണാന്‍ കഴിയൂ..അല്ലെ?കാലം മാറുമ്പോള്‍,എല്ലാവരും കോലവും മാറ്റുന്നു..

Anonymous said...

കടുപ്പത്തിനു ഒരു ചായ കുടിച്ച മാതിരി
നന്ദി

ഞാന്‍ ഇരിങ്ങല്‍ said...

സമോവറുകളുടെ സ്മരണ എന്നു തന്നെ പറയാവുന്ന ഈ കുറിപ്പ് എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു. കാരണം മറ്റൊന്നുമല്ല താങ്കളുടെ എഴുത്തിന്‍റെയും ഭാഷയുടെയും ഒരു സൌന്ദര്യമുണ്ട്. പറയുമ്പോഴുണ്ടാകുന്ന ഒരു താളമുണ്ട്, കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഈണമുണ്ട്. വായനക്കാരന്, കേള്‍വിക്കാരന് ഇഷ്ടമുള്ള വചനരീതിയില്‍ താങ്കള്‍ സമോവറിന്‍ റെ ചൂടും, കരിപ്പുകയും, നിറം കെട്ട ഗ്ലാസ്സുകളും പിന്നെ കോന്തലയ്ക്ക് തോര്‍ത്തി ചായ എടുത്തു വരുന്ന ആ കടക്കാരനേയും ഒക്കെ കാലത്തിന്‍ റെ ഓര്‍മ്മകളായി മാത്രമേ ഇന്ന് കാണാന്‍ കഴിയൂ. അവരൊക്കെയും സ്നേഹത്തിന്‍ റെ ആള്‍ ദൈവങ്ങളുമായിരുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടയ്ക്കൊക്കെ അരഗ്ലാസ്സ് ചായ തരാറുള്ള ദാമോദരേട്ടനും, ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മോരുവെള്ളവും ചായയും ഇടയ്ക്ക് തരാറുള്ള നാരായണേട്ടനും ഒക്കെയും ഈ സമോവറിന്‍റെ കൂട്ടുകാരാണ്. അല്ലെങ്കില്‍ കാലം മായ്ച്ചു കളഞ്ഞവരാണീ സ്നേഹത്തിന്‍ റെ ഉപ്പു മണക്കുന്ന കൈകള്‍.
നന്ദി അനില്‍.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വിജയലക്ഷ്മി said...

nallapost,onashmsakal,veedumvaram.

അനില്‍ വേങ്കോട്‌ said...

കമന്റുകൾക്ക് നന്ദി.