Wednesday, February 4, 2009

വിളവെടുപ്പ്

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

കുതിയിൽ കുരുക്കിട്ടുപിടിക്കുന്ന

നായാട്ടുകാരനല്ല.

സുരക്ഷിത നിക്ഷേപങ്ങളിൽ

അടയിരിക്കുന്ന

സൂക്ഷിപ്പുകാരനല്ല.

സ്നേഹം

ദുരന്തങ്ങളെ

മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന

കാലിന്റെ കിരുകിരുപ്പാണ്.

കണ്ടങ്ങളിലേയ്ക് ചാലുവയ്ക്കാതെ
നിരന്തരമായി
തേവുന്നവന്റെ
ജീവൻ ഒഴുക്കുവയ്ക്കുന്ന

വേലിയിറക്കമാണ്.

ഭൂമിയോളം പോന്ന കാത്തിരുപ്പുകൾ

അനന്തതകളിൽ അലയ്ക്കുന്ന പ്രർത്ഥനകൾ..

സ്നേഹം

വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

ചാഴിയും മുഞ്ഞയും

കാറ്റും കടലും

കായലും കൊണ്ടുപോയതിന്റെ ശിഷ്ടം

കൊയ്തിനു ആളുകിട്ടാതെ

മഴക്കോള് നോക്കിയിരിക്കുന്ന

കുട്ടനാടൻ കർഷകൻ

നനഞ്ഞ കതിരിൽ

പുതിയ ചിനപൊട്ടുന്നത് നോക്കി

നോവിനെ കൌതുകത്തിലേക്കു

വിവർത്തനം ചെയ്യുന്ന

കുട്ടനാടൻ കർഷകൻ

(ചിത്രത്തിനു ഫ്ലിക്കറിനോട് കടപ്പാട്)

11 comments:

അനില്‍ വേങ്കോട്‌ said...

നോവിനെ കൌതുകത്തിലേക്കു വിവർത്തനം ചെയ്യുന്ന കുട്ടനാടൻ കർഷകൻ

saju john said...

പണ്ട് അടുക്കിവച്ച സാരിയില്‍ ഒരു ജീവിതം കാണിച്ചു തന്നത് പോലെ ഇന്ന് വൈകുന്നേരം.....ഇതിലെ ജീവിതവും മനസ്സിലാക്കി തരൂ.

കാരണം....വാക്കുകള്‍ കുന്നിമണിമാല പോലെ അടുക്കിവച്ച ഈ കവിതയൊക്കെ വായിച്ച് മനസ്സിലായാല്‍ എന്റെ പിരാന്തൊക്കെ എന്നേ മാറിയേനെ.

ബൂലോഗത്തില്‍ സജീവമായി ഇടപെടുന്നതില്‍ സന്തോഷം അറിയിക്കട്ടെ.

ഞാന്‍ ഇരിങ്ങല്‍ said...

അനിലേട്ടാ.,
എല്ലാം വളമാക്കി മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന കാലിന്റെ കിരുകിരുപ്പാണ്..
സ്നേഹത്തെ മനോഹരമായി ഒരു കിരു കിരുപ്പിലേക്ക് ഒതുക്കി പറയുമ്പോള്‍ സുഖം തോന്നുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നോട്ട്: നപി. കവിത പറഞ്ഞ് കൊടുക്കാനുള്ളതല്ല. വായിച്ച് മനസ്സിലാക്കാനുള്ളതാണ്. (ചുമ്മാ)

Anuroop Sunny said...

കര്‍ഷകരെല്ലാം അങ്ങിനാ..
മലയിലായാലും വയലിലായാലും..

ശ്രീഇടമൺ said...

"വിളവെടുപ്പ്" നന്നായിട്ടുണ്ട്...
ആശംസകള്‍...*

കുഞ്ഞന്‍ said...

ദൈവമേ മഴ പെയ്യണേ...ദൈവമേ മഴ പെയ്യല്ലേ എന്നും പറയുന്നതും ഈ കര്‍ഷകന്‍ തന്നെയാണ്...!

ഹേമ said...

കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍

ഹേമ

അനില്‍ വേങ്കോട്‌ said...

കവിത വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തവരെല്ലാരോടും നന്ദിയുണ്ട്.

Dr. Prasanth Krishna said...

അനില്‍
കവിത നന്നായിട്ടുണ്ട്. എന്നങ്കിലും നമ്മുടെ നാട് നന്നാവുമോ?

Anonymous said...

പച്ച പടത്തിന്, അതെടുത്ത ഫോട്ടോഗ്രാഫറോടില്ലാത്ത കടപ്പാട് ബഹുരാഷ്ട്രകുത്തകയോടെന്തിനു്?

അനില്‍ വേങ്കോട്‌ said...

പടം മുമ്പെപ്പോഴോ ഞാൻ ഡൌൺലോഡ് ചെയ്ത് വച്ചിരുന്നതാണു. പടമെടുത്തയാളെ അറിയില്ല. അതുകൊണ്ട് ഞാൻ അതിന്റെ സോഴ്സ് പറഞ്ഞുവന്നേയുള്ളൂ.വേണ്ടിവന്നാൽ അതെങ്ങ് ഡിലീറ്റ് ചെയ്യും അതിൽ കൂടുതൽ കടപ്പാട് എനിക്കു ആരോടും ഇല്ല. പ്രശാന്തിനും കെവിനും നന്ദി