Sunday, February 22, 2009

തിരുശേഷിപ്പുകൾ

പാട്ടുകളെ പ്രേമിച്ചു
കൌമാരം പോയി,
തീക്കാറ്റേറ്റു യൌവനവും.
മുപ്പതിൽ
നടുക്കൂടെക്കേറിവന്നവൾ
കരളിൽ കല്ലെടുത്തിട്ടു.
മുറിഞ്ഞ കൺകോണിലൂടെ-
യുള്ളീൽ കുടിവച്ചു.
ഉരുവമ്പോലെ ഉയിരും
നിനക്കെന്നവൻ.
കനം വച്ച കാലം
കൈവച്ചു തലയിൽ
അവളാഴ്ത്തി കുളത്തിൽ
‘പ്രൈസ് ദ ലോഡ്’
നാലഞ്ചു കുമിളകൾ
പുറത്തേക്കു പൊട്ടി.
ശ്വസിച്ച സ്വാതന്ത്ര്യം പുറപ്പെട്ടുപോയി
കാക്കകൾ കരഞ്ഞു
യുറേക്കാ.... യുറേക്കാ....
ഇരിക്കില്ല രണ്ടുമൊരുമിച്ചൊരുനാളും.
അത്തർ തളിച്ച്
വലം കൈയിലെടുത്തവൾ
നാടുകാട്ടി വരവേ
ഏവരും പറഞ്ഞു.
ദൈവത്തിനു സ്തുതി
അഴുകാതിരിപ്പതു മഹത്വം.

7 comments:

അനില്‍ വേങ്കോട്‌ said...

യുറേക്കാ.... യുറേക്കാ....
ഇരിക്കില്ല രണ്ടുമൊരുമിച്ചൊരുനാളും.

saju john said...

വെള്ളത്തില്‍ മുങ്ങിയെഴുന്നേറ്റാല്‍
വെണ്മയൂറുന്ന മനമല്ല, മറിച്ചൊ
മനനം ചെയ്തോരു മനസ്സാ‍വാത് കിടയ്ക്കാമാട്ടയാ?

പകല്‍കിനാവന്‍ | daYdreaMer said...

നാലഞ്ചു കുമിളകൾ
പുറത്തേക്കു പൊട്ടി.
ശ്വസിച്ച സ്വാതന്ത്ര്യം പുറപ്പെട്ടുപോയി

:)

ഞാന്‍ ഇരിങ്ങല്‍ said...

കവിതയിലേക്കടുക്കുന്ന വരികള്‍.
വീണ്ടും എഴുതി തിരിച്ചു വരിക

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സ്വാതന്ത്ര്യമോ നഷ്ടപ്പെട്ടു.
അഴുകാതിരിക്കുന്നു എന്നതു തന്നെ മഹത്വം.
അഴുകാതിരിക്കാനുള്ള പിടിച്ചു നില്പു തന്നെ ഒരു സാഹസമാണ്. അതിനുള്ള കെല്പ് നഷ്ടപ്പെടാതിരിക്കട്ടെ.

അനില്‍ വേങ്കോട്‌ said...

കവിത വായിക്കുകയും കമന്റുകയും ചെയ്ത പ്രിയ നട്ടു, പകൽകിനാവൻ,രാജു, മോഹൻ ... നന്ദി.
രാജു... ഇതു കവിതയല്ലന്നു എനിക്കുതന്നെയറിയാം.
താങ്കളെപ്പോലെ ഈ മേഖലയിൽ ചിരപ്രതിഷ്ട നേടിയ ഒരാളോട് എന്റെ എഴുത്തിന്റെ ലക്ഷ്യം പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ? ചില ശ്വാസം മുട്ടലുകൾ ഒഴിവാക്കാനായി ഒരു ഇൻഹെയിലർ പോലെ ഇതിനെ കണ്ടാൽ മതി.വീട്ടിൽ പോയി എഴുതി തിരികെ വരുന്ന പ്രശ്നമില്ല. പോയാൽ പിന്നെ വരില്ല.നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

അനിലേട്ടാ.,
കവിത അല്ല എന്നല്ല ഞാന്‍ പറഞ്ഞത്.
നല്ല കവിതയിലേക്ക് അടുക്കുന്നു എന്നാണ് ഉദ്ദേശിച്ചത്.
വീണ്ടും നല്ല വരികള്‍ എഴുതി തിരിച്ച് വരുമല്ലോ എന്ന് എഴുതാന്‍ വിചാരിച്ച് എഴുതി വന്നപ്പോള്‍
വീണ്ടും എഴുതി തിരിച്ചു വരിക എന്നായിപ്പോയി!!!!
ഉപ്പും നാവും കൂട്ടുന്ന പുളിയല്ലേ....

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍