Tuesday, April 7, 2009

നിശ്ചല ദൃശ്യങ്ങൾ


പുസ്തകത്താളുകൾക്കിടയിൽ
ഉണങ്ങിയൊട്ടിപ്പോയ
ഒരു പൂവ് കാഴ്ച്ചയല്ല,
എന്നോകണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്.
നല്ല സമരിയാക്കാരനോടപ്പം
ഓടിപ്പോയ നായർ യുവതിയും
പാർട്ടിവിട്ടുപോയ സനാതനനും
പത്രക്കെട്ടുകൾക്കിടയിൽ
ഒട്ടിയിരിക്കുന്നതങ്ങനെയാണു.
മ്യൂസിയത്തിലെ ആ ആനക്കൊമ്പ്
കരുതിവച്ച ചരിത്രമല്ല.
ആരോ പിഴുതെടുത്ത്
മാറ്റിവച്ച പ്രതിരോധമാണു.
വഴക്കത്തിനു നട്ടെല്ലും
ഇണക്കത്തിനു നാവും
കവികൾ കൂട്ടിതുടങ്ങിയതന്നുമുതലാണ്.
അപദാനങ്ങളുടെ തൊങ്ങലിട്ട
ഈ നിള
മുന്നോട്ടോ പിന്നോട്ടോ ഒഴുക്കു വയ്ക്കുന്ന
ഓർമ്മകളുടെ ഒളിയിളക്കങ്ങളല്ല.
അമ്മ
മരണത്തിനു വാപിളർന്നപ്പോൾ
ആരോ പകർത്തിയ
നിശ്ചല ദൃശ്യമാണു.
കണ്ണാക്കും ബലിയും
മുൻപേജിലേയ്ക് വന്നതങ്ങനെയാണു.
ഹൊ! കാഴ്ച തെന്നി കവിതയിലേയ്ക്ക്
കമഴ്ന്നാലോ?
ഏയ്..
പൊതിഞ്ഞെടുത്ത ഒരു സന്ധ്യ
പോളിത്തീൻ കവറിൽ
ഒട്ടിച്ചെടുത്ത ലേശം കൊടുങ്കാറ്റ്
വാടിവീണ കണ്ണിമാങ്ങയോടപ്പം
കൊഴിഞ്ഞുപോയ സഖാക്കളുടെ
എരിവനച്ചാറുകൾ
ഇതൊന്നും ഈ യാത്രയിൽ
ഞാൻ കരുതിയിരുന്നില്ലല്ലോ
പിന്നെവിടുന്നു കവിത.

10 comments:

അനില്‍ വേങ്കോട്‌ said...

പുസ്തകത്താളുകൾക്കിടയിൽ
ഉണങ്ങിയൊട്ടിപ്പോയ
ഒരു പൂവ് കാഴ്ച്ചയല്ല,
എന്നോകണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിശ്ചലമാണേലും ഇവയൊക്കെ വാചാലവുമാണ്

:)

siva // ശിവ said...

നല്ല വരികള്‍...

സജീവ് കടവനാട് said...

ആന്തരികാര്‍ത്ഥങ്ങള്‍ മുഴുവന്‍ പിടിതരുന്നില്ലെങ്കിലും വായന ചില തോന്നലുകളിലേക്ക് നയിക്കുന്നു. വിപ്ലവത്തെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മിച്ച് ദീര്‍ഘനിശ്വാസം വിടുന്നവരുടെ കൂട്ടത്തിലാണെങ്കിലും കുറച്ചുവരികള്‍ ഞാനെടുക്കുന്നു.

“മ്യൂസിയത്തിലെ ആ ആനക്കൊമ്പ്
കരുതിവച്ച ചരിത്രമല്ല.
ആരോ പിഴുതെടുത്ത്
മാറ്റിവച്ച പ്രതിരോധമാണു“

“അപദാനങ്ങളുടെ തൊങ്ങലിട്ട
ഈ നിള
മുന്നോട്ടോ പിന്നോട്ടോ ഒഴുക്കു വയ്ക്കുന്ന
ഓർമ്മകളുടെ ഒളിയിളക്കങ്ങളല്ല.
അമ്മ
മരണത്തിനു വാപിളർന്നപ്പോൾ
ആരോ പകർത്തിയ
നിശ്ചല ദൃശ്യമാണു.“

വീകെ said...

അതെ, എല്ലാം എന്നോ കഴിഞ്ഞുപോയതിന്റെ ഒർമ്മപ്പെടുത്തലുകൾ തന്നെ.

കുഞ്ഞന്‍ said...

മാഷെ,

എന്റെ വായനയുടെ അപ്പുറത്തുള്ള കാര്യങ്ങള്‍ എപ്പോഴെങ്കിലും എനിക്കു പറഞ്ഞുതരണം ചുമ്മാ മനസ്സില്‍ ഒട്ടിച്ചുവയ്കാനാണ്..!

അനില്‍ വേങ്കോട്‌ said...

കവിതയിലേക്ക് വന്നവർക്കു നന്ദി.

ബാജി ഓടംവേലി said...

നല്ല വരികള്‍...

aneeshans said...

കവിത ഇഷ്ടമായി

Melethil said...

കൊള്ളാം, ആദ്യമായാ ഈ വഴി, ബൂലോക കവിതയില്‍ നടക്കുന്ന ചെര്ച്ചയില ഇത് കണ്ടത് , ബാക്കി കൂടി വായിയ്ക്കട്ടെ