Sunday, January 18, 2009

ഇറങ്ങിവന്നു കടിക്കുന്ന കാലം... സൂക്ഷിച്ചിരിക്കുക

താഴെക്കാണുന്ന പോങ്ങുമൂടൻ പോസ്റ്റിന്മേലുള്ള കമന്റ് ഇവിടെ ആവർത്തിക്കുന്നു


“ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ എന്നെ വളരെയധികം വേദനിപ്പിച്ചു. നീതിയുടെ രഥം മുന്നോട്ടു പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. നിരീക്ഷണ കാര്യത്തിൽ പല കോടതികളിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായി. ജൂഡിഷ്യറിയുടെ യശസ്സ് നിലനിർത്താനും അന്വേഷണത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാനും കേസിന്റെ അന്വേഷണ മേൽനോട്ടം ഡിവിഷൻ ബെഞ്ചിനു വിടുന്നതാണ് ഉചിതം” - ജസ്റ്റിസ് ബസന്ത്.
അതെ. അങ്ങനെ ‘ബസന്തവും‘ ‘ഹേമ‘ന്തത്തിന് വഴിമാറി. ഇനി ആശ്വസിക്കാം. അഭയക്കേസിന്റെ അന്വേഷണങ്ങൾ സുഗമമായി തന്നെ നീങ്ങും. ‘വേണ്ടപ്പെട്ടവർക്ക് ‘ നീതിയും ലഭിക്കും. ‘ആർക്ക് വേണ്ടപ്പെട്ടവർക്ക് ‘ എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കൂ.!!

പ്രിയ പോങ്ങും‌മൂടൻ,

വളരെ കാലികമായ ഒരു വിഷയത്തിൽ താങ്കൾ എഴുതികണ്ടതിൽ അതിയായ സന്തോഷമുണ്ട്. അഭയ കേസ്സിൽ മാത്രമല്ല മറ്റ് പല സാഹചര്യങ്ങളിലും ജുഡിഷ്യറി അതിന്റെ എല്ലാ അതിരുകളും ലംഘിച്ചു നൃത്തം ചെയ്യുന്നതാണു നാം കുറച്ചുകാലമായി കാണുന്നത്. അതിനെ ജുഡിഷ്യൽ ആക്റ്റിവിസമെന്നോ, നീതിപീഠത്തിന്റെ രക്ഷക വേഷമെന്നോ ഒക്കെ കരുതി നാം വളരെ ആഘോഷിച്ചിട്ടുണ്ട്. ഇപ്പോൾ സത്യത്തിൽ എന്താ‍ണു നടന്നത് അഥവാ നടക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത് ഒരു കൊലപാതക കേസ്സിലെ പ്രതികളുടെ ജ്യാമ്യ അപേക്ഷയാണ്. കൊലപാതകകേസ്സിൽ കേസ്സ് വിചാരണചെയ്യപ്പെടുന്നത് ഒരു ജില്ലാ ജഡ്ജിയുടെ മുമ്പിലാണ്. അഭയയുടെ കേസ്സിലും അത് അങ്ങനെയാകാനേ വഴിയുള്ളൂ. അവിടെ ജ്യാമ്യം നിഷേധിച്ചപ്പോൾ പ്രതികൾ(കുറ്റവാളികളായി ഇനിയും ആരും വിധിച്ചിട്ടില്ല)മേൽ കോടതിയിൽ അപ്പീൽ നൽകി. അപേക്ഷ സ്വീകരിച്ച് ജ്യാമ്യം നൽകിയതിൽ യാതൊരു തകരാറുമില്ല. പ്രതികൾ ശക്തരാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തെപ്പോലും കഴിഞ്ഞ16 വർഷമായി തകിടം മറിച്ചവരാണെന്നും പ്രോസ്സിക്യുഷൻ വാദിച്ചേക്കാം അതിൽ ശരിയുമുണ്ട് എങ്കിലും പ്രതികൾക്കു ഒരു നിശ്ചിത കാ‍ലത്തെ റിമാണ്ടിനു ശേഷം ജ്യാമ്യം ലഭിക്കാം അത് നൽകാനും നൽകാതിരിക്കാനുമുള്ള പൂർണ്ണ അധികാരം ആ അപേക്ഷപരിഗണിക്കുന്ന ജഡ്ജിക്കുണ്ട്. അതിൽ ഇന്ന് മീഡിയായും നാട്ടുകാരും പറയുന്നതുപോലെ അസാധാരണമായി ഒന്നും ഇല്ല. പ്രോസിക്യൂഷൻ വാദിക്കുന്നതുപോലെ പ്രതികൾ കേസ്സന്വേഷണത്തെ സ്വാധീനിക്കുന്നുവെങ്കിൽ അതിൽ നിന്നു ഒഴിഞ്ഞു നിൽകാനും സാക്ഷികളെയും മറ്റും സ്വാധീനവലയത്തിനുപുറത്തു നിറുത്താനുമുള്ള ബാധ്യത പ്രോസ്സിക്യുഷനും ഗവണ്മെന്റിനുമുള്ളതാണു. എന്നാൽ അത്തരത്തിൽ ഒരു ജ്യാമ്യം നൽകുകയായിന്നോ ഇവിടെ നടന്നത് അല്ലേ അല്ല. ജ്യാമനിബന്ധനകൾ ഉയർത്തുന്ന തമാശകൾ വേറെയും.

അഭയാകേസ്സിലെ പ്രതികൾക്കു ജ്യാമ്യം നൽകുന്നവേളയിൽ കോടതി നടത്തിയ ചില പരാമർശങ്ങൾ നീതിവ്യവസ്ഥയെ അതിന്റെ നിഷ്പ്ക്ഷവും നിർഭയവുമായ നടത്തിപ്പിനെ എങ്ങനെ തുരങ്കംവയ്കുന്നു എന്നറിയുമ്പോഴാണു ഇതിനു പിന്നിലെ രസതന്ത്രം പൂർണ്ണമായും മനസ്സിലാകുക. ജില്ലാകോടതിയിൽ ട്രയൽ ചെയ്യേണ്ട ഒരു കേസ്സിന്റെ പ്രാഥമിക ഘട്ടത്തിൽ നിന്നു കൊണ്ട് അന്വേഷണം പോലും പൂർത്തിയാകുന്നതിനു മുമ്പ് അതിന്റെ മെരിറ്റ് പരിശോധിക്കുകയും നാളെയുണ്ടായേക്കാവുന്ന ഒരു വിധിയെക്കൂ‍ടി തകിടം മറിക്കുകയോ മുൻ നിശ്ചയിക്കുകയോ ചെയ്യുകയെന്ന അതി ഗുരുതരമായ ഇടപെടലാണു ഇവിടെ നടന്നത്. ഈ ഇടപെടൽ എത്ര മേൽ ഗൌരവകരമാണെന്നറിയാൻ കോടതികളിലെ അധികാരഘടനകൂടിയറിയേണ്ടതുണ്ട്. കീഴ്ക്കോതികളിലെ ജഡ്ജികളുടെ മേൽ മുകളിലോട്ടുള്ള ജഡ്ജിമാർക്കുള്ള സ്വാധീനം നമ്മുടെ കോടതി ഘടനയിൽ വളരെ വലുതാണ്. അവരുടെ പ്രൊമോഷൻ മുതൽ അപ്പീൽ കേസ്സുകളിൽ മേൽ നടത്തുന്ന വിധിന്യായത്തിൽ വരെ നീളുന്നതാണു ഈ ബന്ധം. അത്തരമൊരു ഹൈയറാർക്കി നിലൻൽക്കുന്നിടത്ത് ഉന്നതമായ അധികാരസ്ഥാനത്തിരുന്നുകൊണ്ട് അതിനു താഴെ വരുന്നതിനെ സ്വാധീനിക്കുന്ന മ്ലേശ്ചമായ നടപടിയാണു ഇവിടെ നടന്നത്. ഇത്തരത്തിൽ ഇടപെടാ‍ൻ ഹൈക്കോടതിക്കു അധികാരമുണ്ടോ എന്നതാണു നാം ആലോചിക്കേണ്ടത്. ഒരു ഹർജി കോടതിയുടെ പരിഗണനയിൽ വന്നാൽ അതിന്റെ എതൃക്ഷിയുടെ കൂടെ അഭിപ്രായമാരാഞ്ഞിട്ട് കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങൾ ഫ്രം ചെയ്യുകയും അതിന്മേൽ വാദവും പ്രതിവാദവും തെളിവുകളും പരിശോധിച്ച് വിധിപറയുകയും ചെയ്യുക എന്നതാണു കോടതിയുടെ ബാധ്യത. അതിനു പകരം നമ്മൾ തമ്മിൽ എന്ന പരിപാടി അവതരിപ്പിഅക്കുന്ന ഏഷ്യാനെറ്റിലെ ശ്രീകണ്ഠൻ നായരെപോ‍ലെ രണ്ടു പുറത്തിനും നടുക്കുനിന്നു തുള്ളി എന്ത് വിടുവായത്തനവും വിളിച്ചു പറയാൻ ജഡ്ജിമാർക്കു അധികാരമില്ല്ല. അതായത് ജഡ്ജി ഒരു മിഡിൽമാനോ മോഡറേറ്ററോ അല്ല. പക്ഷേ കുറച്ചുകാലമായി പലക്കേസ്സുകളിലും ഇതാണു ഇവിടെ നടക്കുന്നത്. അഭയക്കേസ്സിലെ വാദിഭാഗമോ പ്രതിഭാഗ്ഗമോ ഉയർത്താത്തതും ആ ഹർജിയുടെ അടിസ്ഥാന പ്രശ്നങ്ങളായി നിശ്ചയിക്കാത്തതുമായ കാര്യങ്ങളിൽ അഭിപ്രായം പറയുകവഴി നിയമവ്യവസ്ഥയുടെ പുറത്തിറങ്ങി കടിക്കുകയാണു ഇവിടെ നടന്നത്. ഇതാണു നമ്മുടെ നിയമപണ്ഡിതന്മാർ അഭിപ്രായം പറയേണ്ട വിഷയം. അത്തരത്തിൽ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാ‍നത്തു നിന്നു വന്നാൽ അതിനെതിരെ നീതികിട്ടാൻ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം.

സത്യത്തിൽ ഇത് നമ്മുടെ ജനാധിപത്യത്തിന്റെയും രാഷ്ടീയ നേതൃത്ത്വത്തിന്റെയും കഴിവുകേടുകൾ വ്യക്തമാക്കുന്ന അവസരമായാണു ഞാൻ കാണുന്നത്. എപ്പോഴൊക്കെ നമ്മുടെ നാട്ടിൽ രാഷ്ട്രീയ നേതൃത്വം ക്ഷീണിച്ചിട്ടുണ്ടോ അപ്പോഴല്ലാം ഉദ്ദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും എല്ലാം കൊടിക്കുമുകളിൽ പറന്നിട്ടുണ്ട്. അത് ഇലക്ഷൻ കമ്മിഷണാറായോ, ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരായോ ഒക്കെ വരാം. പലപ്പോഴും ഇവർ ഇറങ്ങിവന്നു കടിച്ചപ്പോഴൊക്കെ നമ്മൾക്കു അനഭിമതരായവർ ആയിരുന്നു അതിന്റെ പരിക്കു ഏറ്റുവാങ്ങിയിരുന്നത് എന്നതുകൊണ്ട് നാം അന്നോക്കെ സന്തോഷിച്ചു പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തിലെ അപകടകരമായ ഈ പ്രവണത ഇന്നു അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.അത് ഇപ്പോൾ നമ്മെ ത്തേടി വന്നിരിക്കുന്നു. ഇനിയും നിശബ്ദത പാലിച്ചാൽ പിന്നെ നമുക്കു ഒരിക്കലും വാതുറക്കേണ്ടിവരില്ല. 100 കോടിജനതയ്ക്കെതിരെ കോടതിയലക്ഷ്യം ട്രയൽ ചെയ്യാൻ ഈ കോടതികൾ തുനിയുന്നകാലം

7 comments:

Pongummoodan said...

പ്രിയപ്പെട്ട അനിൽ വേങ്കോട്,

താങ്കളുടെ വിശദമായ/ആത്മാർത്ഥമായ അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി. വ്യക്തിപരമായി നമ്മൾ തമ്മിൽ പരിചയമില്ലെങ്കിലും എന്റെ പോസ്റ്റ് വായിക്കാനും അതിനെക്കുറിച്ച് ആധികാരികമായി ഒരു അഭിപ്രായം പറയാനും താങ്കൾ കാണിച്ച ക്ഷമയിൽ എനിക്ക് നന്ദിയും അത്ഭുതവുമുണ്ട്. സന്തോഷം.

വായിക്കാൻ ആൾക്കാർ ഉണ്ടാവുക എന്നതാണ് ഏതൊരു ബ്ലോഗറും ആഗ്രഹിക്കുന്നത്. ഞാനും അത് ആഗ്രഹിക്കുന്നു. വായിക്കുന്നവരുടെ അഭിപ്രായങ്ങളെ അതുകൊണ്ട് തന്നെയാണ് ഞാൻ വല്ലാതെ വിലമതിക്കുന്നതും.

ഒരിക്കൽ കൂടി നന്ദി. ഇനിയും കൂടുതലായി എഴുതാൻ വായിക്കുന്നവരുടെ അഭിപ്രായങ്ങൾ മാത്രമാണ് എനിക്ക് പ്രചോദനം നൽകുന്നത്.

നന്ദി

ഒന്നുകൂടി പറയാതെ പോവുന്നത് ഉചിതമല്ല. എന്റെ പോസ്റ്റിനേക്കാൾ ശക്തവും ആധികാരിഅവുമാണ് എനിക്ക് താങ്കൾ നൽകിയ കമന്റ്. അത്ര മാത്രമേ ഉള്ളു എന്റെ ബൂലോഗത്തിലുള്ള പ്രസക്തി. എന്റെ ചില ചിന്തകൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. അവയ്ക്ക് നിങ്ങളേപ്പോലുള്ളവർ അർത്ഥം മെനയുന്നു.

വീണ്ടും നന്ദി ചങ്ങാ‍തി.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ സുഹൃത്തേ...ഈ എഴുത്തിനു എല്ലാ പിന്തുണയും ...

saju john said...

മാഷേ...

വളരെ നന്നായി എഴുതിയിരിക്കുന്നു.....

പോങ്ങുമ്മൂടന്‍ പറഞ്ഞത് പോലെ.....മാഷിന്റെ കമന്റ് ആയിരിക്കും, ആ പോസ്റ്റിന്റെ തുടര്‍വായന.

അഭിനന്ദനങ്ങള്‍

അനില്‍ വേങ്കോട്‌ said...

നന്ദി പോങ്ങുമ്മൂടൻ .. ഒരേ ആകുലതകൽ പേറുന്നത് കൊണ്ടാവണം നമ്മൾ ഇത്തരത്തിൽ കണ്ടുമുട്ടിയത്. അത് ബ്ലോഗുതരുന്ന അസുലഭമായ അവസരവുമാണു. പോസ്റ്റുകളിലെ നിറഞ്ഞ സാമൂഹികതക്കു നന്ദിയുണ്ട്. വിണ്ടും ഇവിടേക്ക് വരുമെന്നു പ്രതിക്ഷിക്കന്നു,
പകൽക്കിനാവ്... നന്ദി.. വീന്റും വരിക
പ്രിയ നട്ട....
കമന്റുകൾക്കുമപ്പുറത്തുള്ള പ്രേരണയില്ലങ്കിൽ എന്നെപ്പോലൊരു മടിയൻ എഴുതുകതന്നെയില്ല. അത് തനിക്കു കടപ്പെട്ടിരിക്കുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പൊങ്ങുമ്മൂടന്റെ പോസ്റ്റും ചിന്തകളും വളരെ അഭിനന്ദനമര്‍ഹിക്കുന്നു. അതേ പോലെ ഈ പോസ്റ്റിനെ തന്റെ കമന്റു കൂടി ഉള്‍പ്പെടുത്തി കുറേക്കൂടി വ്യാപ്തമായ ഒരു വായനയിലേക്കു നയിക്കുന്നതിനുള്ള അനിലിന്റെ ശ്രമവും ശ്ലാഘനീയം തന്നെ.
പത്ര, ദൃ ശ്യ മാധ്യമങ്ങള്‍ മാത്രമല്ല, ബ്ലോഗു ലോകവും അഭയ കേസിനെ ഉറ്റുനോക്കുന്നത് വളരെ പ്രതീക്ഷയോടും, അതോടൊപ്പം ആശങ്കകളോടും കൂടിയാണ്. അശരണരായവരുടെ അവസാന ആശാകേന്ദ്രങ്ങളാണ് കോടതികള്‍. ആ അര്‍ത്ഥത്തില്‍ നമ്മുടെ ജഡ്ജികള്‍ സാക്ഷാല്‍ ദൈവങ്ങള്‍ തന്നെ. കണ്ണു മൂടിക്കെട്ടിയിരിക്കുന്ന നീതി ദേവത പ്രതിനിധീകരിക്കുന്നത് സത്യത്തിന്റെ വിജയത്തെയാണ്. അതിനുപകരം വേലി തന്നെ വിളവു തിന്നാന്‍ തുടങ്ങുകയാണെങ്കിലോ? ഇത്തരം പ്രവണതകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകളെടുക്കാന്‍ ഗവര്‍മ്മെന്റുകള്‍ തയ്യാറാകണമെന്ന അനിലിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

അനിലേട്ടാ..,
പോങ്ങും മൂടന്‍ റെ പോസ്റ്റില്‍ കമന്‍ റിയപ്പോഴാണ് അവിടെ വായിക്കത്തവര്‍ ഇവിടെ വായിക്കട്ടേന്ന് കരുതിയത്. അതു തന്നെ ഇവിടെയും പോസ്റ്റുന്നു.

കോടതികളെ പേടിച്ച് പലരും വാ പോയ കോടാലികളായിരിക്കുമ്പോള്‍ മൂര്‍ച്ചയോടെ തന്നെ താങ്കള്‍ എഴുതി. അഭിനന്ദനങ്ങള്‍.
നാം പൊതു ജനം എന്ന കഴുത കോടതി വിധിയെപറ്റി മോശമായ ഒരു അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് കോടതി അലക്ഷ്യാമാകുമോ.. അപ്പോള്‍ പൌരന്‍ റെ അഭിപ്രായ പറയാനുള്ള ഭരണ ഘടനാ അവകാശം നിഷേധിക്കപ്പെടുകയല്ലേ.? അങ്ങിനെ ഒരു പൌരന്‍ റെ അവകാശത്തെ നിഷേധിച്ച് കൊണ്ടാണ് എല്ലാ കോടതികളും കോടതിയലക്ഷ്യം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നത്. കോടതികള്‍ അവകാശങ്ങള്‍ സംരക്ഷിച്ച് തരാനുള്ള വേദികളാവുകയല്ലേ വേണ്ടത്?
ഇനി ജ. ഹേമയുടെ പരാമര്‍ശം ഒന്ന് പരിശോധിക്കാം. ഒരു പത്ര വാര്‍ത്ത

“ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കും ഇതിന് അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി. കേസ് ഡയറിയിലെ വസ്തുതകള്‍ പരിശോധിച്ച് മാത്രമാണ് താന്‍ വിധി പ്രസ്താവിച്ചത്. കേസ് ഡയറി പരിശോധിക്കാതെ ആരും വിഡ്ഢിത്തം എഴുന്നള്ളിക്കരുത്“.
ഒരു ഹൈക്കോഡതി ജഡ്ജിക്ക് മറ്റൊരു ജഡ്ജിയെ വിഡ്ഡീ എന്ന് വിളിക്കാമെങ്കില്‍. ഒരു ജഡ്ജ് പറയുന്നത് വിഡ്ഡീത്തമെന്ന് പറയാമെങ്കില്‍ അത് കോടതിയലക്ഷ്യമാകാത്തത് എന്തുകൊണ്ട്? അപ്പോള്‍ ഇവിടേ കോടതികള്‍ അപ്രമാധിത്യം കാണിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ട്ത്. ജഡ്ജ് എന്ന പദവിയില്‍ ഇരുന്ന് എന്തു കാണിച്ചാലും പൊതു ജനം സഹിക്കേണ്ടിവരുന്നത് നമ്മുടെ നിയമം മാറ്റിയെഴുത്തേണ്ടതിനെ കുറിച്ചല്ലേ വിരല്‍ ചൂണ്ടുന്നത്?

ഇനി ഒരു ഹൈക്കോടതി ജഡ്ജി അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നിരിക്കട്ടേ.. മുകളിലുള്ള ആര്‍ക്കാണ് അവര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നത്?? സുപ്രീംകോടതി?
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍?
ഇതാണു നമ്മുടെ നിയമപണ്ഡിതന്മാള്‍ അഭിപ്രായം പറയേണ്ട വിഷയം. അത്തരത്തിള്‍ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാ‍നത്തു നിന്നു വന്നാല്‍ അതിനെതിരെ നീതികിട്ടാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം.
നിലവിലുള്ള നിയമ പ്രകാരം പാര്‍ലിമെന്‍ റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇം പീച്ച്മെന്‍ റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ അത്തരത്തില്‍ ഒരു സാധ്യത എന്ന് പറയുന്നത് മോഡി, ബുഷ്, ബിന്‍ലാദന്‍ തുടങ്ങിയവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോലെയാണ്. തൂക്ക് പാര്‍ലിമെന്‍ റ് ആകുന്ന നമ്മുടെ ഇന്ത്യന്‍ അവസ്ഥയില്‍ ഹൈക്കോടതി , സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം രാജ്യ രക്ഷ എന്നതിനേക്കാള്‍ സുരക്ഷയെ അപകടപെടുത്തുമെന്ന് ചിന്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

നിയമ നിര്‍മ്മാണ സഭകള്‍ വെറും നിരങ്ങല്‍ സഭകളാവുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്‍ പോരിമ കാട്ടിത്തുടങ്ങുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍റെ നില എവിടെ എങ്ങിനെ എന്ന ആശങ്ക പേറുന്ന അനേകം പേര്‍ അഭയയെ പോലെ അനവധി നിരവധി പേരുകളാണ്. അതു കൊണ്ടായിരിക്കണം കേവലം സാധാരണക്കാരനയ ഒരാള്‍ക്ക് ചിരിക്ക് വക നല്‍കുന്ന ജാമ്യ വ്യവസ്ഥകകളാണ് ജ: ഹേമ വച്ചിരിക്കുന്നത്.
ഇങ്ങനെയൊക്കെ ഹൈക്കോടതി -സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ.. അതിന് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റംവരുത്തേണ്ടതല്ലേ...
ചര്‍ച്ച ഇനിയും നടക്കട്ടേ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനില്‍ വേങ്കോട്‌ said...

രാജുവിന്റെയും മോഹന്റെയും സുചിന്തിതമായ കമന്റുകൾക്ക് നന്ദി.