നിങ്ങൾക്കു ഇതു കാണാൻ കഴിയുന്നുണ്ടോ? എങ്കിൽ പേടിക്കേണ്ട കഴിഞ്ഞ ബുധനാഴ്ച ലോകം അവസാനിച്ചിട്ടില്ല. 2008 സെപ്തംമ്പർ 10 ബുധനാഴ്ച ലോകം അവസാനിക്കും എന്നു കരുതിയവർക്ക് തെറ്റി. ആ ഭയത്തിൽ ഇന്ത്യയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്യുക പോലും ഉണ്ടായി. മുമ്പ് പലപ്പോഴും ഇത്തരം ഭീതിയിൽ ലോകം വിറങ്ങലിച്ചിരുന്നിട്ടുണ്ട്. നമ്മുടെ പ്രധാന മാധ്യമങ്ങളെല്ലാം ഈ ഭീതി നിർമ്മാണത്തിൽ അമരക്കാരയിട്ടുണ്ട്. 1999 അവസാനിച്ച് 2000 പിറക്കുന്ന വേളയിൽ ലോകം അവസാനിക്കുമെന്നും ബൈബിൾ പ്രവചനങ്ങൾ അത്തരത്തിലാണെന്നും വാദിച്ചവരും വിശ്വസിച്ചവരും ചെറുതല്ല. 2000 പിറന്ന നിമിഷം ലോകാവസാനം പ്രതീക്ഷിച്ചു കണ്ണടച്ചിരുന്നവർ പുതിയ ദിവസം അതിനായി പ്രവചിച്ചുകൊണ്ട് കണ്ണുതുറന്നു. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ നടക്കുന്ന കണികാപരീക്ഷണങ്ങളെ മുന്‍നിറുത്തി വീണ്ടും അത്തരമൊരു ഭീതി ഉടലെടുത്തിരിക്കുന്നു.
ചരിത്രത്തിലെ മനുഷ്യനിർമ്മിതമായ ഏറ്റവും ചെലവ്കൂടിയ യന്ത്രമാണു ലാർജ് ഹാഡ്രൺ കോളൈഡർ (LHC). സ്വിറ്റ്സർലണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര സംരംഭമാണു ഈ യന്ത്രം നിർമ്മിച്ചത്. ഒരു ഡസനോളം രാജ്യങ്ങളും അതിനെക്കാളേറെ ശാസ്ത്ര പ്രസ്ഥാനങ്ങളും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു ഭൌതിക ശാസ്ത്രകാരന്മാരും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ലാർജ് ഹാഡ്രൺ കൊളൈഡർ (LHC) ഉപയോഗിച്ച് പ്രപഞ്ചോല്പത്തിക്കു നിദാനമെന്നു കരുതുന്ന ബിഗ് ബാങ് -ഉം അതിനെ തുടർന്നു വരുന്ന ഭൌതിക വ്യതിയാനങ്ങളും പുനഃസ്രഷ്ടിക്കുകയാണു ലക്ഷ്യം. ഏകദേശം 8 ബില്യൺ യു. എസ്സ്. ഡോളർ ചെലവിൽ 10,000 ശാസ്ത്രകാരന്മാരുടെ സഹകരണത്തോടെ ഒരു പതിറ്റാണ്ടിനു പുറത്ത് അദ്ധ്വാനിച്ചാണു ഈ മഹാ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. സ്വിറ്റ്സർലണ്ടിന്റെയും ഫ്രാൻസിന്റേയും അതിർത്തിപ്രദേശമായ പർവ്വത താഴ്വാരത്തിൽ 17 മൈൽ നീളത്തിൽ നിർമ്മിച്ച ഭൂഗർഭ തുരങ്കത്തിൽ വച്ചാണു ഈ പരീക്ഷണം നടക്കുന്നത്. 2008 സെപ്തംമ്പർ 10 ബുധനാഴ്ച പ്രാദേശിക സമയം 10.28നു LHC ഉപയോഗിച്ചുള്ള കണികാ സംഘട്ടനത്തിന്റെ ആദ്യ പരീക്ഷണം ആരംഭിച്ചു.
പ്രപഞ്ച രഹസ്യത്തെ തേടിയുള്ള മനുഷ്യന്റെ യാത്രക്ക് മനുഷ്യവംശ ചരിത്രത്തോളം തന്നെ നീളമുണ്ട്. ഭയം, ഭക്തി, മതപരവും,രാഷ്ടീയവുമായ സംഘാടനങ്ങൾ ഇങ്ങനെ പലതിന്റേയും നടുവിൽ പ്രവർത്തിച്ച ഊർജ്ജം മനുഷ്യന്റെ പ്രപഞ്ചരഹസ്യത്തെ ചൊല്ലിയുള്ള അറിവും അറിവുകേടുമായിരുന്നു. അതിനാൽ ഉല്പത്തിയുടെ മൂലകാരണം തേടിയുള്ള ഗവേഷണങ്ങൾക്കു എന്നും നല്ല പ്രാധാന്യം ലഭിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സമയ സൂചികയുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യായുസ്സ് വളരെ നിസ്സാരമായ ഒരു കാലയളവാണു. അതുകൊണ്ട് പ്രപഞ്ചത്തിലേക്കും അതിന്റെ പരിണാമങ്ങളിലേക്കും നോക്കുന്ന മനുഷ്യനു പ്രപഞ്ചം നിശ്ചലമായിരിക്കുന്നതായി തോന്നുന്നത് സ്വാഭാവികം മാത്രം. പ്രപഞ്ചത്തിനു ഒരു നാന്ദിയുണ്ടെന്നും ഇല്ലന്നും ഉള്ള വാദങ്ങളുണ്ട്. പ്രപഞ്ചം സനാതനമാണെന്നും അതിൽ ജീവജാലങ്ങൾ പ്രപഞ്ചശക്തികളാൽ മാറിമറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വാദിക്കുന്നവരിൽ ആത്മീയവാദികളും ഭൌതികവാദികളുമുണ്ട്. ഭൌതികവാദികൾ ഇങ്ങനെ കരുതുന്നതിനു കാരണം തുടക്കമുണ്ടെന്നു സമ്മതിച്ചാൽ തുടക്കകാരനെയും സമ്മതിക്കേണ്ടിവരുമെന്നു അവർ ഭയപ്പെടുന്നു. പ്രപഞ്ചത്തിനു തുടക്കമുണ്ടെന്നും അവിടെവച്ചാണു കാലം ആരംഭിച്ചതെന്നും നിങ്ങൾക്ക് വിശ്വസിക്കാതിരിക്കാം,പക്ഷെ അവിടെ വച്ച് തെർമോഡൈനമിക്സിന്റെ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത നിങ്ങൾക്കുള്ളതാകുന്നു. അനാദിയും അനന്തവുമായ പ്രപഞ്ചസിദ്ധാന്ത പ്രകാരം എല്ലാം ഒരേ താപനിലയിലാകും. എല്ലാ കാഴ്ചരേഖകളും സൂര്യനിൽ( നക്ഷത്രങ്ങളിൽ) അവസാനിക്കും. നക്ഷത്രങ്ങൾക്ക് നാശമില്ലങ്കിൽ രാത്രിയിലെ ആകാശം പകലുപോലെ പ്രകാശതരമാകും.ഇതിനാലും ഭൌതികശാസ്ത്രംനമുക്കുതന്ന മറ്റ് അനേകം തെളിവുകളാലും പ്രപഞ്ചത്തിനു തുടക്കമുണ്ടെന്നും അത് അതിന്റെ കേന്ദ്രത്തിൽ നിന്നു മെല്ലെ അകന്നുകൊണ്ടിരിക്കുകയാണെന്നും ഉള്ള സിദ്ധാന്തത്തെ വിശ്വസിക്കേണ്ടിവരുന്നു.
ഐൻസ്റ്റീൻ E=Mc2 എന്ന ഫോർമുലയിലൂടെ ദ്രവ്യവും ഊർജ്ജവും ഡോളറും യൂറോയും പോലെ പരസ്പരം കൈമാറാവുന്ന കറൻസികളാണെന്നു തെളിയിച്ചു. ഈ കണ്ടുപിടിത്തത്തിന്റെ വെളിച്ചത്തിലാണു തുടർന്നുള്ള കണികാ പരീക്ഷണങ്ങൾ വികസിച്ചത്. ഇവിടെ LHC ഉപയോഗിച്ച് ഏകദേശം പ്രകാശത്തിനു സമാനമായ വേഗതയിൽ (99.99999% of the speed of light) സമ്പ് ആറ്റോമിക കണങ്ങൾ( പ്രോട്ടോൺ) സംഘട്ടനത്തിലാക്കുന്നു. അമിതവേഗത്തിൽ കൂട്ടിയിടിച്ചു തകരുന്ന ഈ സ്പെക്ട്രത്തിനുള്ളിൽ (energy-matter conversion) ബിഗ് ബാങിനു ശേഷമുള്ള നിമിഷാംശങ്ങളെ സ്ര്ഷ്ടിക്കാനാകുമെന്നു ശാസ്ത്രകാരന്മാർ പ്രതീക്ഷിക്കുന്നു.ഈ കാലാവസ്ഥയെ നിർദ്ധാരണം ചെയ്തുകൊണ്ട് മാസ്സിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അജ്ഞതയ്ക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞേക്കും. ഈ അവസ്ഥയിൽ വസ്തു കൈവരിക്കുന്ന അനന്തമായ പിണ്ഡം ഫിസിക്സിന്റെ നിയമങ്ങളെ മുഴുവൻ തകിടം മറിക്കുന്നതാണു. അതിനു മുമ്പും പിമ്പും നിലനിൽക്കുന്ന ഒന്നുകൊണ്ടും നിർവ്വചിക്കാനാകാത്ത ഈ അവസ്ഥയിലൂടെയാണു ഊർജ്ജം ദ്രവ്യമായി രൂപാന്തരത്വം കൈവരിക്കുന്നത്. ഈ സന്ദർഭത്തിൽ തമോഗർത്തങ്ങൾ രൂപംകൊള്ളുമെന്നും അവയുടെ ആകർഷണത്തിൽ ഭൂമിതന്നെ ഇല്ലാതാകുമെന്നുമാണു ഒരു വിഭാഗം ആളുകൾ വശ്വസിക്കുന്നു. ആ വിശ്വാസത്തിനു കഴമ്പില്ലന്നും പ്രപഞ്ചത്തിൽ നടക്കുന്ന ആയിരക്കണക്കിനു സംഘട്ടനങ്ങളെ അപേക്ഷിച്ച് ചെറുതായ ഒന്നുമാത്രമാണു ഈ പരീക്ഷണമെന്നും മാത്രമല്ല ആ ഉപകരണത്തിന്റെ നോബുകൾ ഒരു ദിവസം അതിന്റെ പരിധിയിലേക്ക് തിരിച്ചു വയ്ക്കുകയല്ലന്നും നിരവധി പരീക്ഷണങ്ങൾക്കു ശേഷമാണു പൂർന്നതോതിലുള്ള സംഘട്ടനത്തിനു മുതിരുന്നതെന്നും ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പരീക്ഷണം കൊണ്ട് വെളിപ്പെടുന്ന വിവരങ്ങൾ വളരെ വിപുലവും സങ്കീർണ്ണവുമാണു. ഓരോവർഷവും പ്രിന്റ് ചെയ്തിറങ്ങുന്ന പുസ്തകങ്ങളിലെല്ലാം കൂടിയുള്ള ഡാറ്റായുടെ 1000 മടങ്ങ് വിവരങ്ങൾ ഇത് പുറത്തുവിടും. ലോകത്തെമ്പാടുമുള്ള 80,000 കമ്പ്യുട്ടറുകൾ ഡാറ്റാ അനലൈസിങ്ങിനായി ഉപയോഗിക്കുന്നു. വരുന്ന ക്രിസ്തുമസ്സിനു മുമ്പ് ആദ്യ വിവരങ്ങൾ പുറത്തുവന്നുതുടങ്ങും. 2010ലെങ്കിലും ശാസ്ത്രകാരന്മാർക്കു ദൈവകണികയും(God particle) അതിനെ ചുറ്റിയുള്ളമറ്റ് നിഗൂഡതകളും വെളിച്ചത്ത്കൊണ്ടുവരാൻ സാധിക്കുമെന്നു പ്രതീക്ഷിക്കം.
ഒരു പരീക്ഷണം സ്ര്ഷ്ടിക്കുന്ന തമോഗർത്തത്തിൽ ഭൂമിക്ക് എന്തെങ്കിലും പറ്റിയാൽ അത് സ്റ്റോക്ക് മാർക്കറ്റിനെ ബാധിക്കുമെന്നും, സ്വിസ്സിലെ ബാങ്ക് അകൌണ്ടുകളിലെ തങ്ങളുടെ പണശേഖരത്തെ കടലെടുക്കുമെന്നും ഭയന്നു ഒരുകൂട്ടം ആളുകൾ ഈ ദിവസങ്ങളിൽ ഉറക്കമിളക്കും.
ലോകത്തിൽ പട്ടിണികൊണ്ടും പകർച്ചാവ്യാധികൾ കൊണ്ടും മരിക്കുന്നവരും, മരണതുല്ല്യം ജീവിക്കുന്നവരുമായ മനുഷ്യർ കോടിക്കണക്കിനാണു. അത്തരമൊരു സാഹചര്യത്തിൽ ഈ പരീക്ഷണത്തിനു മുടക്കിയ തുക ക്യാൻസർ പോലുള്ള വൻ വിപത്തിനു പൂർണ്ണ ഔഷധം കണ്ടെത്താനോ, അസ്തമിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഇന്ധ്നങ്ങൾക്ക് ഒരു പകരക്കാരനെ കണ്ടെത്താനോ സഹായിച്ചേനെ. ആപ്ലികേഷൻ സൈഡിൽ വളരെയൊന്നും ചെയ്യാനില്ലാത്ത, വെറും അറിവിനു മാത്രമായി നടത്തുന്ന ഇത്രവലിയ പണവ്യയത്തെപ്പോലും അംഗീകരിക്കേണ്ടിവരുന്നത് പ്രപഞ്ചോല്പത്തിയുടെ പിന്നിലെ രഹസ്യങ്ങൾ പരത്തുന്ന ഇരുട്ടിൽ കാലങ്ങളായി അധികാരം ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന മതങ്ങളും മറ്റ് അധികാരസ്ഥാപനങ്ങളും നടത്തുന്ന ചൂഷണം അത്രമേൽ ക്രൂരമായിക്കുന്നതിനാലാണു.തീർച്ചയായും പ്രകാശപൂരിതമായ ഒരു നാളേക്ക് ഈ പരീക്ഷണങ്ങൾ വഴിതെളിക്കുമെന്നു പ്രതിക്ഷിക്കാം.
6 comments:
അറിവിനു മാത്രമായി നടത്തുന്ന ഇത്രവലിയ പണവ്യയത്തെപ്പോലും അംഗീകരിക്കേണ്ടിവരുന്നത് പ്രപഞ്ചോല്പത്തിയുടെ പിന്നിലെ രഹസ്യങ്ങൾ പരത്തുന്ന ഇരുട്ടിൽ കാലങ്ങളായി അധികാരം ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന മതങ്ങളും മറ്റ് അധികാരസ്ഥാപനങ്ങളും നടത്തുന്ന ചൂഷണം അത്രമേൽ ക്രൂരമായിക്കുന്നതിനാലാണു.തീർച്ചയായും പ്രകാശപൂരിതമായ ഒരു നാളേക്ക് ഈ പരീക്ഷണങ്ങൾ വഴിതെളിക്കുമെന്നു പ്രതിക്ഷിക്കാം.
അനില്‍,
സത്യത്തില്‍ താങ്കളുടെ പോസ്റ്റിലെ രാഷ്ട്രീയ മാനം എന്നു പറയുന്നത് ഇവിടെയാണ്.
“സ്വിസ്സിലെ ബാങ്ക് അകൌണ്ടുകളിലെ തങ്ങളുടെ പണശേഖരത്തെ കടലെടുക്കുമെന്നും ഭയന്നു ഒരുകൂട്ടം ആളുകള്‍ ഈ ദിവസങ്ങളിൽ ഉറക്കമിളക്കും.
അതു പോലെ ഈ പരീക്ഷണത്തിന് മുതിരുന്നതിനു പകരം ക്യാന്‍സര്‍ പോലുള്ള വന്‍ വിപത്തിനു പൂര്‍ണ്ണ ഔഷധം കണ്ടെത്താനോ, അസ്തമിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഇന്ധ്നങ്ങൾക്ക് ഒരു പകരക്കാരനെ കണ്ടെത്താനോ ശ്രമിച്ചെങ്കില്‍..” എന്ന വളരെ നിഷകളങ്കമായ ചോദ്യവും ചിന്തനീയം തന്നെ. രണ്ടും ഒരുമിച്ച് നടക്കട്ടേ എന്ന് നമുക്ക് പറയുന്നതല്ലേ നല്ലത്? ഒരു പക്ഷെ ഐൻസ്റ്റീൻ E=Mc2 കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പരീക്ഷണത്തില്പലതും ഇന്ന് നടക്കുമായിരുന്നില്ലെന്ന് നമുക്ക് അറിയാമല്ലോ. അതു പോലെ നാളെ ഈ പരീക്ഷണത്തിലൂടെ ഊര്‍ജ്ജത്തിന് റെ മഹത്തായ ഒരു വിപ്ലവത്തിന് വഴി തെളിയിച്ചു വെങ്കില്‍ അത് പ്രഞ്ചനേട്ടം തന്നെയല്ലേ എന്നും കരുതുന്നു.
മനുഷ്യന് ഉണ്ടായ കാലം തൊട്ടേ പ്രകൃതിയെ അറിയാനും അത് കഴിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. നാളെ ഇതൊരു ശവപ്പറമ്പായി മാറില്ലെന്ന് നമുക്ക് സ്വപ്നം കാണാനൊന്നും പറ്റില്ലല്ലോ.
എല്ലാ പരീക്ഷങ്ങളും ഭൂമിയുടെ സന്തുലിതാവസ്ഥ താങ്ങി നിര്ത്തിയിട്ടാകട്ടേ എന്നു മാത്രം പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഈ അവസരത്തില്‍ കഴിയുന്നുള്ളൂ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
informative, thanks
അറിവിനായുള്ള മനുഷ്യന്റെ ത്വര എന്നും അവനെ പരീക്ഷണങ്ങളുടെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനാക്കാറുണ്ട്. അതേ സമയം അവനെ പുറകോട്ടൂ വലിക്കുന്നത് അവനില്‍ സ്ഥായിയായുള്ള ഭയമാണ്. ഇതാകട്ടെ അറിവില്ലായ്മയില്‍ അധിഷ്ടിതമായതും.പ്രപഞ്ചത്തിനു തുടക്കമുണ്ടെങ്കില്‍ തുടക്കത്തിനു നിദാനമായതിനെ കണ്ടുപിടിക്കാന്‍ അതു കൂടുതല്‍ സഹായിക്കില്ലേ? ഏതായാലും പ്രപഞ്ച രഹസ്യങ്ങളില്‍ പലതും അനാവരണം ചെയ്യാന്‍ ഇപ്പോള്‍ നടക്കുന്ന ഈ പരീക്ഷണത്തിനു സാധിക്കും എന്നു തന്നെ നമുക്കു പ്രത്യാശിക്കാം.
മനസ്സിലാക്കാന്‍ എളുപ്പമല്ലാത്ത കാര്യങ്ങള്‍ വളരെ ലളിതമായി വിവരിക്കാന്‍ പോസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
നല്ലപോസ്റ്റ്. അഭിനന്ദനങ്ങള്‍.
ഓ.ടോ: ബൂലോകസംഗമത്തില് ചെയ്ത പ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കണം.
കമന്റുകൾക്ക് നന്ദി. ബന്യാമിന്റെ നിർദ്ദേശം പരിഗണനയിലാണു.
Post a Comment